ഗുരുവായൂർ: ക്ഷേത്രത്തിൽ കൊവിഡ് വ്യാപിച്ചതിനു പിന്നിൽ ദേവസ്വത്തിന്റെ കടുത്ത വീഴ്ചയാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. നാലമ്പലത്തിൽ പ്രവർത്തിയെടുക്കുന്നവർക്കു പോലും കൊവിഡ് പോസറ്റീവായത് ദേവസ്വത്തിന്റെ നിരുത്തരവാദപരമായ നടപടിയായേ കാണാനാകൂ. ഭക്തർക്ക് പ്രവേശനം നിറുത്തിവച്ച സമയത്തു പോലും നാലമ്പലത്തിലേക്ക് മന്ത്രിയുടെ കുടുംബത്തെ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കുടുംബം പ്രവേശിച്ചത് വിവാദമായപ്പോൾ വീഴ്ച മറച്ചുവയ്ക്കാൻ പിറ്റേന്ന് മുതൽ ഭക്തജനങ്ങൾക്ക് നാലമ്പലത്തിലേക്ക് പ്രവേശനം അനുവദിക്കുകയും ഭക്തരുടെ എണ്ണം നാലായിരമാക്കി വർദ്ധിപ്പിക്കുയുമാണ് ദേവസ്വം ചെയ്തത്. ആരോഗ്യ വകുപ്പുമായി ആലോചിക്കാതെയാണ് ഇത്തരം നടപടികൾ ദേവസ്വം കൈക്കൊണ്ടത്. ഏകാദശി ദിവസം ഭക്തരുടെ തിരക്കുണ്ടായപ്പോൾ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അനന്തര ഫലമാണ് ക്ഷേത്രത്തിലെ ജീവനക്കാർക്കെല്ലാം കൊവിഡ് വ്യാപിച്ചതെന്നും ഇതിന് ദേവസ്വം ചെയർമാൻ മറുപടി പറയണമെന്നും ഗോപാലകൃഷ്ണൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.