പുതുക്കാട്: യു.ഡി.എഫിനും എൽ.ഡി എഫിനും വിജയസാദ്ധ്യതയുള്ള വാർഡുകളിൽ സ്വതന്ത്രരായി എത്തിയ റിബലുകൾ വിനയായെന്ന് അണിയറ വർത്തമാനം. ഇതുമൂലം മുന്നണികൾക്ക് പ്രതിക്ഷിച്ച സീറ്റുകൾ ലഭിക്കാതെ വരുമെന്നും ചിലർ കണക്കുകൂട്ടുന്നു. ഉറപ്പുള്ള പല വാർഡുകളും മുന്നണികൾക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ആശങ്ക. കോൺഗ്രസിനാകും ഇതിൽ എറ്റവും നഷ്ടമെന്നാണ് വിലയിരുത്തൽ.

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷത്തിൽ ജയസാദ്ധ്യതയുള്ളതായിരുന്നു. എന്നാൽ നേതൃത്വം നിശ്ചയിച്ച സ്ഥാനാർത്ഥിക്കെതിരെ പ്രദേശികമായ എതിർപ്പിനെ തുടർന്ന് അവർ മറ്റൊരു സ്ഥാനാർത്ഥിയെ നിറുത്തിയത് യു.ഡി.എഫിന്റെ വോട്ടുകൾ ഭിന്നിക്കുന്നതിനും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയസാദ്ധ്യത ഉറപ്പു വരുത്തുന്നതിനും കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

അളഗപ്പനഗർ ഗ്രാമപഞ്ചായതിലെ രണ്ടാം വാർഡിലെയും സ്ഥിതിവിശേഷവും സമാനമാണ്. യു.ഡി.എഫ് ആദ്യം സ്ഥാനാർത്ഥിയായി നിശ്ചയിച്ച് ചിഹ്നം ലഭിച്ചയാൾ പ്രചാരണ രംഗത്ത് മുന്നേറുന്നതിനിടെയാണ് പത്രിക പിൻവലിക്കാനുള്ള ദിവസം അവസാന നിമിഷം മറ്റൊരു വാർഡിൽ നിന്നുള്ള വ്യക്തി ഔദ്യോഗിക സ്ഥാനാർത്ഥിയായത്. ഇതോടെ ആദ്യത്തെ ആൾ സ്വതന്ത്രനായി. ഇവിടത്തെ എൽ.ഡി.എഫിന്റെ വിജയസാദ്ധ്യത ഇരട്ടിയായി.

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സി.പി.എമ്മിനും സ്വതന്ത്രൻ പാരയായി. വിജയ സാദ്ധ്യത ഇല്ലാത്തയാളെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രവർത്തകർക്കുള്ള പ്രതിഷേധമാണ് സി.പി.എമ്മിന്റെ മുൻ ഗ്രാമ പഞ്ചായത്ത് അംഗം സ്വതന്ത്രനായി രംഗത്ത് എത്താനിടയാക്കിയത്. പുതുക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ എൽ.ഡി.എഫിനും, യു.ഡി.എഫിനും ഭീഷണിയായി എൽ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥിയുണ്ടായിരുന്നു. ഇവർ കോൺഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എയിൽ ചേർന്ന ഇവരുടെ ജന പിന്തുണ മുതലെടുക്കാൻ എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ഒട്ടേറെ വാർഡുകളിൽ കോൺഗ്രസിന് റിബലുകൾ പാരയായേക്കും. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിനും ഒരു സ്വതന്ത്ര പാരയായി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിനും സ്വതന്ത്ര പാരയായി. മുൻ ഗ്രാമപഞ്ചായത്ത് അംഗമാണ് സ്വതന്ത്രയായി മത്സരിച്ചത്. തൃക്കൂർ ഗ്രാമപഞ്ചായത്തിലും കോൺഗ്രസിന് റിബലുകൾ പാരയായി.