
തൃശൂർ: കൊവിഡ് വാക്‌സിൻ സംഭരണത്തിനുള്ള ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങിയതോടെ ജില്ലയിൽ അഞ്ചുലക്ഷത്തോളം ഡോസുകൾ ശേഖരിക്കാനുള്ള ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി ആയിരത്തിലേറെ കോൾഡ് ചെയിൻ പോയിന്റുകൾ സജ്ജമാക്കുന്നുണ്ട്.
തൃശൂരിലും നൂറിലേറെ സംഭരണകേന്ദ്രങ്ങളുണ്ടാകും. ഇതിനുളള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കോൾഡ് ചെയിൻ സംവിധാനമുണ്ട്. ഇനി വലിയ തോതിലുളള സ്റ്റോറേജ് യൂണിറ്റാണ് ഒരുക്കേണ്ടത്. ഉളളിലേക്ക് നടന്ന് കയറാവുന്ന വാക്ക് ഇൻ കൂളറുകളും ഇതിന്റെ ഭാഗമായി തയ്യാറാക്കും. കോൾഡ് ചെയിൻ പോയിന്റുകളിൽ വാക്‌സിൻ സൂക്ഷിക്കാനുള്ള വിവിധ തരം റഫ്രിജറേറ്ററുകൾ കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നുണ്ട്. ഏത് തരം വാക്‌സിനാണ് ലഭ്യമാകുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകർക്കുളള പരിശീലനം ശക്തമാക്കും.
ആരോഗ്യപ്രവർത്തകർ, പൊലീസ്, സേനാവിഭാഗങ്ങൾ, അമ്പത് വയസ് കഴിഞ്ഞവർ, കുട്ടികൾ, രോഗികൾ എന്നിവർക്കാകും ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. ആരോഗ്യസ്ഥാപനങ്ങളിൽ ഡോക്ടർമാർ മുതൽ അറ്റൻഡർ വരെയുള്ളവരുടെ വിവരങ്ങൾ അതത് സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിന്റെ നിർദ്ദിഷ്ട വെബ്‌സൈറ്റിൽ നൽകണമെന്നും രോഗികൾ, പ്രായമേറിയവർ, സേനാവിഭാഗങ്ങൾ തുടങ്ങി മുൻഗണനാ വിഭാഗങ്ങളിലുള്ളവരുടെ ഡാറ്റയും സമാഹരിച്ച് അറിയിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിതർ കൂടുതലുള്ള ജില്ലകളിലൊന്നാണ് തൃശൂർ. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവർ ആറായിരത്തോളമുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 66,000 ഓളമായി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ദിവസവും അഞ്ഞൂറോളം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നുണ്ട് .
ടാസ്‌ക് ഫോഴ്‌സുകളും ഒരുങ്ങി
വാക്‌സിൻ വിതരണത്തിന്റെ മുന്നോടിയായി ടാസ്‌ക് ഫോഴ്‌സുകൾ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ രൂപീകരിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത്. വാക്‌സിൻ ക്രമീകരണം, സൂക്ഷിക്കൽ, വിതരണം എന്നിവയെക്കുറിച്ചു ധാരണയുണ്ടാക്കാനാണിത്. വാക്‌സിൻ വിതരണത്തിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിൽ മികച്ചപ്രവർത്തനം നടത്തിയവരും ജില്ലാ അടിസ്ഥാനത്തിൽ ടാസ്‌ക് ഫോഴ്‌സിൽ ഉണ്ടാകും. ഏതെല്ലാം വിഭാഗങ്ങൾക്കാണ് ആദ്യം വാക്‌സിൻ നൽകേണ്ടതെന്ന കാര്യത്തിൽ തീരുമാനവും ടാസ്‌ക് ഫോഴ്‌സിന്റേതായിരിക്കും.
'' വാക്‌സിൻ സംഭരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടക്കുന്നുണ്ട്. ജില്ലയിൽ എത്രമാത്രം വാക്‌സിൻ വേണ്ടി വരുമെന്നത് സംബന്ധിച്ച റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.
ഡോ. കെ.ജെ. റീന
ജില്ലാ മെഡിക്കൽ ഓഫീസർ