thrissur

ഏത് മുന്നണികൾക്ക് കിട്ടിയാലും കൊവിഡിന് ഭൂരിപക്ഷം കിട്ടരുതേ എന്നൊരു പ്രാർത്ഥനയാണ് തിരഞ്ഞെടുപ്പിനു ശേഷം എല്ലാവർക്കുമുളളത്. രാഷ്ട്രീയക്കാർക്ക് അങ്ങനെയൊരു പ്രാർത്ഥനയുണ്ടോ എന്ന് ചോദിക്കരുത്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൽ വിശ്വസിക്കുന്നവരും ദൈവത്തെ വിളിക്കുന്ന കാലമാണ്. കുഞ്ഞുകുട്ടി പരാധീനതകളാകുമ്പോൾ അങ്ങനെയാകുമെന്നാണ് പറയുന്നത്. ഒരു കൈ കൊണ്ട് പ്രാർത്ഥിക്കുമ്പോൾ മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാരണം, വിശ്വാസികൾക്കു മുന്നിൽ വിശ്വാസി. ഭൗതികവാദിക്കു മുന്നിൽ ഭൗതികവാദി. അങ്ങനെയൊരു ഉഭയജീവിതം ധരിക്കുന്ന തവളകൾ കുണ്ടുകിണറ്റുകളിൽ കൂടിവരികയാണ്.

സീറ്റ് മോഹം കണ്ട് ചക്ഷുശ്രവണഗളസ്ഥമാം ദർദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നത് പോലെ എന്ന് ആ തവളകളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നുമറിയില്ല.

മാത്രമല്ല, പാർട്ടിഭാരവാഹിത്വങ്ങൾ ആർക്കുവേണം, ഒരു പഞ്ചായത്ത് അംഗമെങ്കിലും ആയാൽ മതിയെന്ന് പറയുന്നവരാണത്രേ ഈ കൊവിഡ് കാലത്ത് ഏറെയുമുണ്ടായിരുന്നതത്രേ. ഈ മോഹം എല്ലാ പാർട്ടിയിലും ഒരേപോലെയായെന്നും രാഷ്ട്രീയനിരീക്ഷകർ അടിവരയിടുന്നുണ്ട്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ദിവസവും അഞ്ഞൂറോളം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നുണ്ട് സാംസ്കാരികതലസ്ഥാനത്ത്. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ളാദപ്രകടനവും മറ്റും എത്രകണ്ട് രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക ഒഴിയുന്നില്ല. രോഗവ്യാപനം തടയാന്‍ പല പ്രദേശങ്ങളും അതിനിയന്ത്രിത മേഖലകളാക്കി കളക്ടര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പഴയതു പോലെ നടപടികൾ കർക്കശമല്ല. കൊവിഡിനോട് തുടക്കത്തിലുണ്ടായിരുന്ന ഭയവും ജാഗ്രതയും കുറഞ്ഞുവരുന്നതായി ആരോഗ്യപ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കടലാസിൽ കർശനമായിരുന്നെങ്കിലും പോളിംഗ് കേന്ദ്രങ്ങളിൽ യാതൊരു കൊവിഡ് നിയന്ത്രണവുമുണ്ടായില്ല. കൂട്ടത്തോടെയാണ് എല്ലാവരും വരിയിൽ നിന്നത്. വരിയിൽ നിൽക്കാനുള്ള കളം പോലും അടയാളപ്പെടുത്തിയിരുന്നുമില്ല. പോളിംഗിനിടെയുണ്ടായ വ്യാപനവും അതിൻ്റെ ഫലവും അടുത്ത ദിവസങ്ങളിലേ പുറത്തുവരൂ. രാഷ്ട്രീയ സംഘടനകളുടെ സമ്മർദ്ദവും നേതാക്കളുടെ ഇടപെടലുകളും കാരണം ഒരു പരിധിവിട്ട് പൊലീസിനും ഒന്നും ചെയ്യാനാവുന്നില്ല. ഇനി ഫലം വരുന്ന ദിവസത്തിലും ഇങ്ങനെ ആവർത്തിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കൊവിഡ് ഇന്ത്യയിൽ സ്ഥിരീകരിച്ച് ഒരു വർഷമാകാൻ ഒന്നരമാസം കൂടി മാത്രമേ ബാക്കിയുള്ളൂ. പക്ഷേ, ഇപ്പോഴും സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. ജനുവരി 30 നാണ് ഇന്ത്യയിലാദ്യമായി തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂരിൽ മാത്രം 250 ലേറെ പേർ കൊവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞു. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 65,000 കവിഞ്ഞു. രോഗബാധിതരായി ആറായിരത്തോളം പേർ ചികിത്സയിലുമുണ്ട്. ഓണക്കാലത്തിന് ശേഷം രോഗികളുടെ എണ്ണം കൂടിയത് പോലെ തിരഞ്ഞെടുപ്പിൻ്റെ ആഘോഷങ്ങൾക്ക് പിന്നാലെയും രോഗവ്യാപനം കൂടുമെന്ന് തന്നെയാണ് സ്വകാര്യമേഖലയിലെ ഡോക്ടർമാർ പോലും ആശങ്കപ്പെടുന്നത്.

കൊവിഡ് ഭീതിയാലുള്ള മാനസിക പിരിമുറക്കത്തിനൊപ്പം തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും ജോലി സംബന്ധമായും വിദ്യാഭ്യാസ- സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചുമെല്ലാമുള്ള മന:സംഘർഷങ്ങളും കൂടിവരുന്നുണ്ടെന്നാണ് മന:ശാസ്ത്രവിദഗ്ധർ പറയുന്നത്. എസ്.എസ്.എൽ.സി. അടക്കമുളള പരീക്ഷകളെ ചൊല്ലിയുളള സന്ദേഹങ്ങളിലാണ് വിദ്യാർത്ഥികളിലേറെയും. ഉത്കണ്ഠയെ തുടർന്നുള്ള മാനസികപിരിമുറക്കം കൂടി വരുന്നതിൻ്റെ ഭാഗമായി ജോലിയിൽ ശ്രദ്ധ കുറയാനും ഇടയാകുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

അട്ടിമറിയുടെ പ്ളസും മൈനസും

കൊവിഡ് ഒരുഭാഗത്ത് കുതിച്ച് കയറുമ്പോൾ, തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിനിടെ എവിടെയെല്ലാം അട്ടിമറി നടക്കുമെന്ന ചിന്തയിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും തലപുകയ്ക്കുകയാണ് സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ എല്ലാ സ്ഥലങ്ങളിലും വോട്ട് ചെയ്തവരുടെ കണക്കനുസരിച്ച് പ്രാഥമിക വിലയിരുത്തലുകൾ പ്രാദേശികതലത്തിൽ തന്നെ നടത്തി. തൃശൂർ കോർപറേഷനിലാണ് അട്ടിമറി സാദ്ധ്യത കൂടുതലുള്ളതായി വിലയിരുത്തുന്നത്. നഗരസഭകളിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ ജില്ലാപഞ്ചായത്തിലെയും ബ്‌ളോക്ക് ഗ്രാമപഞ്ചായത്തുകളിലെയും കണക്കുകൂട്ടലുകളിൽ കാര്യമായ വ്യത്യാസം വരില്ലെന്നാണ് പൊതുനിഗമനം. വനിതാ വോട്ടർമാരുടെയും കന്നിവോട്ടർമാരുടെയും മനസിലിരിപ്പ് എന്താണെന്ന് മൂന്ന് മുന്നണികൾക്കും വ്യക്തമല്ല. കൊവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനത്തെ ആദ്യ നാല് ജില്ലകളിലൊന്നായ തൃശൂരിൽ, 75.5 ശതമാനത്തിലേറെപ്പേർ വോട്ട് ചെയ്തതും നിർണായകമാണ്. വിജയം തങ്ങൾക്കെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും പോളിംഗിലെ ഉയർച്ച എങ്ങനെ സ്വാധീനിക്കുമെന്ന് കൃത്യമായി ഗണിക്കാൻ നേതാക്കൾക്ക് ആവുന്നില്ല.

ശേഷപത്രമായി വിവാദങ്ങൾ

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യു.ഡി.എഫ്. എൽ.ഡി.എഫ് പോര് കടുക്കുകയായിരുന്നു. മന്ത്രി എ.സി. മൊയ്തീൻ നിശ്ചിതസമയത്തിന് മുൻപ് വോട്ട് ചെയ്ത് ചട്ടലംഘനം നടത്തിയെന്ന ആരോപണം കോൺഗ്രസ് വിടാതെ മുറുക്കിപ്പിടിച്ചു.

അതിനിടെ, ജില്ലയിൽ ക്വാറന്റൈൻ, കൊവിഡ് വോട്ടുകളുടെ പേരിൽ വ്യാപകമായി തട്ടിപ്പുകൾ നടന്നതായും ആക്ഷേപമുണ്ടായി. സ്ഥലത്തില്ലാത്ത ആളുകളുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കൊവിഡ് പ്രത്യേക ബാലറ്റുകൾ അയച്ചതായും അവ ചിലർ സ്വന്തമാക്കിയതായുമായിരുന്നു ആരോപണം. ചിലർ വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ ക്വാറന്റൈനിലുള്ള വ്യക്തിയായതിനാൽ ബൂത്തിൽ വോട്ട് ഇല്ലെന്നും പ്രത്യേക ബാലറ്റ് അയച്ചിട്ടുണ്ടെന്നുമായിരുന്നു പോളിംഗ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇവർക്ക് പ്രത്യേക ബാലറ്റ് കിട്ടിയിട്ടുമില്ല. വോട്ട് ലഭിക്കില്ല എന്നുറപ്പുള്ളവർക്ക്, കൊവിഡ് സ്ഥിരീകരിച്ചിട്ടും പ്രത്യേക ബാലറ്റ് അയയ്ക്കാതെ വോട്ട് നഷ്ടപ്പെടുത്താനും ശ്രമം നടന്നതായി പറയുന്നു. കൊവിഡായാലും തിരഞ്ഞെടുപ്പായാലും വിവാദങ്ങൾക്ക് പഞ്ഞമില്ലെന്ന് ചുരുക്കം...