
തൃശൂർ: കൊവിഡ് കാലത്തും തൃശൂരിലെ ക്രിസ്മസ് വിപണി സജീവം. ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കടകളിലെല്ലാം നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും നിറഞ്ഞുകഴിഞ്ഞു. പലനിറത്തിലും രൂപത്തിലും പുതുമയാർന്ന നക്ഷത്രങ്ങൾ വിപണിയിലുണ്ട്.
എൽ.ഇ.ഡി, നിയോൺ നക്ഷത്രങ്ങൾക്കും വർണക്കടലാസുകളിൽ തീർത്തവയ്ക്കുമാണ് ആവശ്യക്കാരേറെ.
നക്ഷത്രങ്ങൾക്ക് പുറമേ എൽ.ഇ.ഡി ബൾബുകളിൽ നിർമ്മിച്ച മണികളും ക്രിസ്മസ് മാനുകളുമുണ്ട്. അലങ്കാര തോരണങ്ങളും ഇഷ്ടം പോലെ. ക്രിസ്മസ് പപ്പയുടെ വസ്ത്രങ്ങളും മുഖംമൂടികളും സുലഭമാണ്. പ്രിന്റഡ് ബലൂണുകൾക്കും ക്രിസ്മസ് തൊപ്പികൾക്കും ആവശ്യക്കാരേറേയാണ്. ക്രിസ്മസ് ട്രീയും റെഡിമെയ്ഡ് പുൽക്കൂടുമുണ്ട്. പേപ്പർ നക്ഷത്രങ്ങൾക്ക് 35 മുതൽ 350 രൂപ വരെയും എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 130 മുതൽ 650 രൂപ വരെയുമാണ് വില. നിയോൺ നിറങ്ങളിലുള്ള നക്ഷത്രങ്ങൾക്ക് 150 രൂപ മുതലാണ് വില. നിയോൺ നിറങ്ങളിൽ നിർമ്മിച്ച ക്രിസ്മസ് ട്രീകൾക്കും മണികൾക്കും 250 രൂപ മുതലാണ് വില. . ചാലക്കുടി, കുന്നംകുളം ഭാഗങ്ങളിൽ നിന്നാണ് കടലാസ് നക്ഷത്രം എത്തുന്നത്. എൽ.ഇ.ഡി, നിയോൺ നക്ഷത്രങ്ങൾ കൂടുതലും ഇറക്കുമതി ചെയ്യുന്നവയാണ്. 100 മുതൽ 2000 രൂപവരെ വിലയുള്ള ട്രീകളുമുണ്ട്. പ്ലാസ്റ്റർ ഒഫ് പാരീസിലുള്ള രൂപങ്ങൾ 130 രൂപ മുതലാണ് സെറ്റുകളുടെ വില. ഇക്കാലത്ത് പഴയത് പോലെ ഡിമാൻഡ് ഇല്ലെങ്കിലും ക്രിസ്മസ്, ന്യൂ ഇയർ ആശംസാ കാർഡുകൾ തേടി എത്തുന്നവരുമുണ്ട്. വിവിധതരം കാർഡുകളും വിൽപ്പനയ്ക്കുണ്ട്.
വസ്ത്രവിപണിക്കും കേക്ക് വിൽപ്പനയ്ക്കും ക്രിസ്മസ് - പുതുവർഷക്കാലം ഉണർവാകുന്നുണ്ട്. പല തരത്തിലുള്ള കേക്കുകൾ വിപണിയിൽ സുലഭമാണ്. 600 രൂപ മുതലാണ് കേക്കുകളുടെ വില. കൊവിഡ് ആയതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കച്ചവടം കുറവാണെങ്കിലും വിപണി അനങ്ങിത്തുടങ്ങിയത് പ്രതീക്ഷ പകരുന്നതാണെന്നാണ് വ്യാപാരികൾ പറയുന്നു.
വിപണിയിലെ തിളക്കം ഇങ്ങനെ