
തൃശൂർ: തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും നെഞ്ചിടിപ്പേറുന്നു. ഫലം ആർക്ക് അനുകൂലമാകുമെന്നത് സംബന്ധിച്ച് കൂട്ടിക്കിഴിക്കലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മറ്റെന്നാൾ രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെയും കൊവിഡ് രോഗികൾ, നിരീക്ഷണത്തിൽ ഇരുന്നിരുന്നവർ എന്നിവരുടെ പോസ്റ്റൽ വോട്ടുകളാണെണ്ണുന്നത്. അതിന് ശേഷമായിരിക്കും വോട്ടിംഗ് മെഷീൻ തുറന്നെണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കം പൂർത്തിയായി. കൊവിഡ് മാനദണ്ഡം അനുസരിച്ച് മാത്രമേ ഏജന്റുമാരെ ഉള്ളിലേക്ക് കടത്തി വിടൂ. വോട്ടെണ്ണൽ സംബന്ധിച്ച് നിർദ്ദേശം നൽകുന്നതിനായി ഇന്ന് ജില്ലയിൽ ബ്ലോക്ക് തലത്തിൽ സ്ഥാനാർത്ഥികളുടെയും മുഖ്യ ഏജന്റുമാരുടെയും യോഗം അതാത് വരണാധികാരികളുടെ നേതൃത്വത്തിൽ നടക്കും
24 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ജില്ലയിൽ 24 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റികൾ, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ എന്നിവ വേറെ വേറെ കേന്ദ്രങ്ങളിലാണ് എണ്ണുക. കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ എം.ടി.ഐയിലും ജില്ലാ പഞ്ചായത്തിന്റെ കുട്ടനെല്ലൂർ കോളേജിലുമാണ് നടക്കുക.
ആവശ്യമായ ജനപ്രതിനിധികൾ 1,794
111 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 1,794 ജനപ്രതിനിധികളെയാണ് ജില്ലയിൽ തിരഞ്ഞെടുക്കേണ്ടത്. ജില്ലയിൽ കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും 7 മുനിസിപ്പാലിറ്റികളിലേക്കും 16 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 86 പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
വിധി കാത്ത് 7,101 പേർ
7,101 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കോർപറേഷനിൽ 230 സ്ഥാനാർത്ഥികളും ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ 964 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിൽ 107 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 769 സ്ഥാനാർത്ഥികളും പഞ്ചായത്തുകളിലേക്ക് 5,031 സ്ഥാനാർത്ഥികളും മത്സരിച്ചിരുന്നു.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
തൃശൂർ കോർപറേഷൻ: മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ചെമ്പൂക്കാവ്
നഗരസഭകൾ