vote

തൃശൂർ: ഫലപ്രഖ്യാപനത്തിനുശേഷം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണം. തൃശൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിൽ 5 അസിസ്റ്റന്റ് കമ്മിഷണർമാർ, 15 ഇൻസ്‌പെക്ടർമാർ, 137 സബ് ഇൻസ്‌പെക്ടർമാർ, 938 സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർ അടക്കം 1100 പൊലീസുദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാവും.

രാഷ്ട്രീയ പാർട്ടി പ്രവർത്തകരും അനുഭാവികളും 16 ന് വോട്ടെണ്ണൽ കേന്ദ്രത്തിനുമുമ്പിൽ കൂട്ടം കൂടരുതെന്നും തൃശൂർ സിറ്റി പൊലീസ് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. രാഷ്ട്രീയ സംഘർഷ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പിക്കറ്റ് പോസ്റ്റുകളും മൊബൈൽ പട്രോളിംഗും ഏർപ്പെടുത്തും.

രാഷ്ട്രീയ പാർട്ടി ഓഫീസുകളും, മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുടെ വീടുകളും കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംഗ് സജീവമാക്കും. മുൻകാല കുറ്റവാളികൾ, രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, സാമൂഹിക വിരുദ്ധർ എന്നിവരുടെ നീക്കങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നതിന് ഇന്റലിജൻസ് പ്രവർത്തനം ഊർജ്ജിതമാക്കി. ആവശ്യമുള്ള അവസരങ്ങളിൽ കരുതൽ തടങ്കൽ അടക്കമുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കും. ആഹ്ലാദ പ്രകടനത്തിന്റേയോ, തോൽവിയുടേയോ പശ്ചാത്തലത്തിൽ പൊതുമുതലുകൾക്ക് നാശനഷ്ടം വരുത്തുവാൻ ശ്രമിക്കുന്നവർക്കെതിരേയും എതിർചേരിയിൽപെട്ടവരെ ആക്രമിക്കാൻ ശ്രമിക്കുന്നവർക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ക്രമസമാധാന ഡ്യൂട്ടിയിലുള്ള പൊലീസുദ്യോഗസ്ഥർ ഡ്യൂട്ടി നിർവ്വഹണ വേളയിൽ വീഡിയോ കാമറകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തും. ആഹ്ളാദ പ്രകടനം അതിരുവിടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സാമൂഹിക വിരുദ്ധരും ഗുണ്ടാ സംഘങ്ങളിൽ ഉൾപ്പെട്ടവരും ആഹ്ലാദ പ്രകടനങ്ങളിൽ കടന്നുകൂടി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രദ്ധിക്കണമെന്നും തൃശൂർ സിറ്റി പൊലിസ് അഭ്യർത്ഥിച്ചു.