ഗുരുവായൂർ: ദേവസ്വം ജീവനക്കാരുടെ കൊവിഡ് പരിശോധനാ ചുമതലയിൽനിന്ന് സ്വകാര്യ ലാബിനെ ഒഴിവാക്കി. കഴിഞ്ഞ ദിവസം ദേവസ്വം ജീവനക്കാരെ പരിശോധിച്ചതിൽ പാകപ്പിഴ ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്വകാര്യ ലാബുകാർ നെഗറ്റീവാണെന്ന് സാക്ഷ്യപ്പെടുത്തിയ കേസുകൾ വീണ്ടും പരിശോധിച്ചപ്പോൾ പോസിറ്റീവായിരുന്നു. ശനിയാഴ്ച ദേവസ്വം മെഡിക്കൽ സെന്ററിൽ 151 പേരെ ജില്ലാ മെഡിക്കൽ ടീം പരിശോധിച്ചപ്പോൾ 18 പോസിറ്റീവും ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ലാബുകാർ 271 പേരെ പരിശോധിച്ചതിൽ 11 പോസിറ്റീവുമാണ് തെളിയിക്കപ്പെട്ടത്. എല്ലാം ക്ഷേത്രജീവനക്കാരായിരുന്നു. സ്രവമെടുത്ത് അഞ്ചു മിനിറ്റിനുള്ളിൽ തന്നെ നെഗറ്റീവാണെന്നു പറഞ്ഞ് ആളുകളെ വിടുകയായിരുന്നു ലാബുകാർ ചെയ്തതെന്ന് ജില്ലാ മെഡിക്കൽ വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. സ്രവമെടുത്തശേഷം അത് നെഗറ്റീവാണോ പോസിറ്റീവാണോ എന്നറിയണമെങ്കിൽ 30 മിനിറ്റെങ്കിലും വേണം. പെട്ടെന്ന് തീർക്കാൻ തിരക്കുകൂട്ടിയ പരിശോധനയാണ് ലാബിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആക്ഷേപം. ഇന്നു മുതൽ ജില്ലാ ആരോഗ്യവകുപ്പിലെ സംഘം മാത്രമായിരിക്കും ദേവസ്വം ജീവനക്കാരുടെ പരിശോധന നടത്തുക.