
തൃശൂർ: ഗാന്ധിസമെന്നത് പ്രകടനപരതയിൽ മാത്രം ഒതുക്കിയ ചില ഗാന്ധിയന്മാർക്ക് മുന്നിലൂടെ വേറിട്ട് നടന്ന ഗാന്ധിയനായിരുന്നു കൽപ്പറ്റ ബാലകൃഷ്ണൻ. ഗാന്ധിസം പ്രസംഗിക്കാനുള്ളത് മാത്രമല്ല, ജീവിതത്തിൽ പാലിക്കാനുള്ളതാണെന്ന് കാണിച്ചു തരികയായിരുന്നു, അദ്ദേഹം. അദ്ധ്യാപനത്തിലും ആ മൂല്യങ്ങൾ കാത്തു. അതിനാൽ തന്നെ പഠിപ്പിച്ചവരേക്കാൾ കൂടുതൽ ശിഷ്യരുണ്ടായിരുന്നു കൽപ്പറ്റയ്ക്ക്. പഠിപ്പിക്കാത്തവർക്കും ‘കൽപ്പറ്റ മാഷ്’ ആയിരുന്നു. തോളിൽ തൂക്കിയ സഞ്ചിയുമായുള്ള യാത്രകളിൽ കൽപ്പറ്റയുണ്ടാക്കിയത് വിപുലമായ സൗഹൃദങ്ങളായിരുന്നു. വയനാട് കൽപ്പറ്റക്കാരനായിരുന്നുവെങ്കിലും ജീവിതത്തിലെ നല്ല പങ്കും തൃശൂരിലായിരുന്നു.
അദ്ധ്യാപക ജീവിതത്തിലും പിന്നീട് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ടും വിശ്രമത്തിന് അദ്ദേഹം അവസരം നൽകിയില്ല. സമീപകാലത്ത് പ്രായാധിക്യവും ശാരീരികാവശതയും ഏറെ അലട്ടിയിട്ടും ഗാന്ധി പ്രചാരകവേദികളിലും സാംസ്കാരിക വേദികളിലും ഓടിയെത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 19ന് സാഹിത്യ അക്കാഡമിയുടെ അകത്തളത്തിൽ അദ്ദേഹത്തിൻ്റെ പുസ്തകപ്രകാശനം നടന്നു. ഗ്രന്ഥകർത്താവില്ലാതെയായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. കൽപ്പറ്റയുടെ ‘ലാവോൽസു താവോ തേ ചിങ്’ എന്ന പുസ്തകം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യരും ചേർന്നാണ് പുറത്തിറക്കിയത്.
ചൈനയിലെ പ്രവാചകന്‍ ലാവോത്സുവിന്റെ ചിന്തകളെ ക്കുറിച്ചുള്ള പഠനവും അദ്ദഹത്തിന്റെ കൃതികളുടെ വിവര്‍ത്തനവും അടങ്ങിയതാണ് ‘ലാവോത്സു താവോ തേചിങ്- ജീവന്റെ വഴിയും ശക്തിയും’ എന്ന പുസ്തകം. മാസങ്ങൾക്ക് മുമ്പേ തയ്യാറായ പഠന പുസ്തകം ആരോഗ്യപ്രശ്നം മാറിയ ശേഷം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തിരിച്ചുവരവ് ആശങ്കയുണ്ടാക്കി. വിവരം സുഹൃത്തുക്കളോട് പങ്കുവെച്ചതോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൽപ്പറ്റയുടെ ഏറെ അടുപ്പമുള്ള അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ, മുൻ സെക്രട്ടറി ഡോ. പി.വി കൃഷ്ണൻനായർക്ക് നൽകിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. തന്റെ പുസ്തക പ്രകാശന ചടങ്ങ് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെയും വാർത്തയിലൂടെയും കണ്ടു. എഴുത്തിന്റെയും ഗാന്ധി പ്രചാരക പ്രവർത്തനങ്ങളിലും സജീവമായി നിൽക്കുമ്പോഴും അനാവശ്യമായി വിഷയങ്ങളിൽ ഇടപെടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ആരോടും തർക്കത്തിനോ അകാരണമായ ബഹളങ്ങൾക്കോ ആവശ്യങ്ങൾക്കോ അദ്ദേഹം ശ്രമിച്ചില്ല. രാഷ്ട്രീയം സൗഹൃദങ്ങളിലേക്ക് പടർത്തിയില്ല. ഒടുവിൽ നിശബ്ദനായി തന്നെ അദ്ദേഹം മടങ്ങി .
.. ....
" ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ മാഷിൻ്റെ വിയോഗ വാർത്ത വളരെ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവർമ്മ കോളേജിലെ മലയാള വിഭാഗം മേധാവിയായിരുന്നു മാഷ്. പല പ്രമുഖ കലാലയങ്ങളിലും അധ്യാപകനായിരുന്ന മാഷിൻ്റെ ശിഷ്യനായി കേരളവർമ്മ കോളേജിൽ പഠിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. മാഷിനോടും മാഷിൻ്റെ കുടുംബത്തോടും വലിയ സ്നേഹവും അടുപ്പവുമാണ് എനിക്കുള്ളത്. വിനയവും വാത്സല്യവുമായിരുന്നു മാഷിനെ വ്യത്യസ്തനാക്കിയത്. കുടുംബാംഗങ്ങളുടെയും ശിഷ്യരുടെയും വേദനയിൽ പങ്കു ചേരുന്നു.
വി.എസ്. സുനിൽ കുമാർ,
കൃഷി മന്ത്രി
സംവത്സരങ്ങളുടെ സ്നേഹബന്ധമാണ് ഡോ. കല്‍പ്പറ്റ ബാലകൃഷ്ണനുമായി ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട അദ്ധ്യാപകന്, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സര്‍ഗ്ഗധനനായ സാഹിത്യകാരന്, ഭാവനാസമ്പന്നനായ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
വി.എം. സുധീരൻ