ചാലക്കുടി: കൊവിഡ് ഭീതിയെ തട്ടിത്തെറിപ്പിച്ച് പുത്തുപറമ്പ് മൈതാനിയിൽ വീണ്ടും പന്തുരുണ്ടു തുടങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂളിന്റെ പഴയ മൈതാനിയിൽ നിലച്ച കാൽപ്പന്തുകളിക്കാണ് പുതുജീവൻ കൈവന്നത്.

ഏതാനും ദിവസങ്ങളായി വിദ്യാർത്ഥികളും യുവാക്കളും ഇവിടെ പരിശീലനം നടത്തുന്നുണ്ട്്. ചില മത്സരങ്ങളും നടന്നു. ഫുട്ബാൾ കളിക്ക് കേൾവികേട്ട സ്‌കൂൾ മൈതാനിയിൽ നിരവധി തവണ സംസ്ഥാന സീനിയർ മത്സരങ്ങൾ നടന്നിരുന്നു. നൂറുകണക്കിന് താരങ്ങളും ഇവിടെ നിന്നും പ്രശസ്തിയുടെ കൊടുമുടി കയറി. ദേശീയ പരിശീലകൻ ടി.കെ. ചാത്തുണ്ണി, സംസ്ഥാന താരങ്ങായ കെ.കെ. രാമകൃഷ്ണൻ, എം.എൽ. ജേക്കബ്ബ് തുടങ്ങി ഈയിടെ സന്തോഷ് ട്രോഫിയിൽ കളിച്ച യുവാക്കൾ അടക്കം പുത്തുപറമ്പ് മൈതാനിയുടെ സംഭാവനകളായിരുന്നു.

ദേശീയപാത ബൈപാസ് കടന്നുപോയപ്പോൾ കേരളത്തിലെ ഏറ്റവും വലിയ സ്‌കൂൾ മൈതാനി രണ്ടായി പിളർന്നു. അവശേഷിച്ച ഓരത്താണ് തുടർന്നുള്ള ചാലക്കുടിയുടെ പന്തുകളി. കൊവിഡ് ഭീതിയുടെ നിഴലിലും പരമാവധി സുരക്ഷകൾ സ്വയം ഒരുക്കിയാണ് വിദ്യാർത്ഥികളുടെ പന്തുകളി.