
തൃശൂർ: മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കല്പറ്റ ബാലകൃഷ്ണന് നാടിന്റെ അശ്രുപൂജ. ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായ അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. ഇന്നലെ വൈകിട്ട് മുതൽ വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് ഉച്ചക്ക് 12 മുതൽ സാഹിത്യ അക്കാദമിയിൽ പൊതു ദർശനം ഉണ്ടാകും. 1945 ജൂലായ് നാലിന് കൈതള ഉണ്ണി നീലകണ്ഠന്റെയും കെ.കാർത്യായനിയുടെയും മകനായി ജനിച്ച അദ്ദേഹം മേമുറി എൽ.പി സ്കൂൾ, കല്ലറ എൻ.എസ്.എസ് ഹൈസ്കൂൾ, തരിയോട് ഗവ.ഹൈസ്കൂൾ, കോഴിക്കോട് ദേവഗിരി കോളേജ്, പാലക്കാട്, വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാാക്കി. കേരള സർവകലാശാലയിൽ നിന്നും മലയാളം എം.എ രണ്ടാം റാങ്കോടെ വിജയിച്ചു. മലയാള സാഹിത്യത്തിലെ ഗാന്ധിയൻ സ്വാധീനത്തെ കുറിച്ചുള്ള ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടി. എസ്.കെ.എം.ജെ ഹൈസ്കൂൾ കൽപ്പറ്റ, മാർ അത്തനേഷ്യസ് കോളേജ്, ഹൈസ്കൂൾ, ശ്രീ കേരളവർമ്മ കോളേജ് തൃശൂർ, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി തൃശൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. 1999ൽ കേരളവർമ്മയിൽ നിന്ന് വകുപ്പ് മേധാവിയായി വിരമിച്ചു. കൊച്ചിൻ-കോഴിക്കോട് സർവകലാശാല സെനറ്റ്, കോഴിക്കോട് സർവകലാശാല മലയാള ബിരുദാനന്തര ബോർഡ്, മലയാളം-ഫൈൻ ആർട്സ് ഫാക്കൽറ്റി, മൈസൂർ സർവകലാശാല മലയാളം ബോർഡ് ബോർഡ് എന്നിവയിൽ അംഗത്വം, കോഴിക്കോട് സർവകലാശാല ബി.എ, എം.എ പരീക്ഷാ ബോർഡ് ചെയർമാൻ, കലിക്കറ്റ് യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡ്, കേരള സാഹിത്യ അക്കാഡമി നിർവാഹക സമിതി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്, സൗത്ത് സോൺ കൾച്ചറൽ കൗൺസിൽ, കൈരളി പ്രസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് എന്നിവയിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. കവിതക്ക് ബാലാമണി അമ്മ സിൽവർ കപ്പ് (1963), സമഗ്രസാഹിത്യ സംഭാവനക്ക് തൃശൂർ ഏയ്സ് ട്രസ്റ്റിന്റെ പ്രഥമ സാഹിത്യ പുരസ്കാരം, അയനം സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എന്നിവയും നേടി. ദേശീയാംഗീകാരം നേടിയ മലമുകളിലെ ദൈവം, ശക്തൻ തമ്പുരാൻ സിനിമകളുടെ തിരക്കഥാകൃത്തുമാണ്. കൃതികൾ: എഫ്. എം കവിതകൾ (കവിതകൾ), അകൽച്ച, അകംപൊരുൾ പുറം പൊരുൾ, ഗിൽഗമേഷ്, ചൂളിമല, പൂവുകളോട് പറയരുത്, രാമവാര്യരുടെ ഓർമ്മപുസ്തകം (നോവലുകൾ), അപ്പോളോയുടെ വീണ, കാലഘട്ടം, ചരിത്ര നോവൽ മലയാളത്തിൽ, നിരൂപകന്റെ വിശ്വദർശനം, ആൽഫ്രഡ് കുബിൻ- ഒരു ചന്ദ്രവംശി, ഗാന്ധിയൻ സൗന്ദര്യവിചാരം, മലയാള സാഹിത്യ ചരിത്രം (വിമർശനങ്ങൾ), മുദ്രാരാക്ഷസം, അതിനുമപ്പുറം (വിവർത്തനങ്ങൾ), സമ്പൂർണ്ണ മഹാഭാരതം, കെ.കരുണാകരൻറെ നിയമസഭാ പ്രസംഗങ്ങൾ (എഡിറ്റർ). ഭാര്യ: ഡോ.കെ.സരസ്വതി. മക്കൾ ജയ്സൂര്യ, കശ്യപ്, അപർണ. തൃശൂർ അയ്യന്തോളിൽ മൈത്രിപാർക്കിലായിരുന്നു താമസം.