
തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8മുതൽ ആരംഭിക്കും. ജില്ലയിൽ 24 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണലും. തൃശൂർ കോർപ്പറേഷന്റെ വോട്ടെണ്ണൽ നടക്കുന്നത് ചെമ്പൂക്കാവ് മഹാരാജാസ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ്.
# പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണും.
കോവിഡ് ബാധിതർക്കു വിതരണംചെയ്ത സ്‌പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികളാണ് എണ്ണുക.
# കൃത്യമായ ക്രമീകരണം
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും. പരമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച് കൗണ്ടിംഗ് ടേബിളുകൾ ഉണ്ടാവുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ ക്രമീകരിക്കും. കൗണ്ടിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോംഗ്റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക. വോട്ടെണ്ണൽ ആരംഭിക്കേണ്ടത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ്. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.
# ഒരുക്കങ്ങൾ പൂർത്തിയായി :ജില്ലാ കളക്ടർ
വോട്ടെണ്ണലിനുള്ള നടപടികൾ പൂർത്തിയായതായി ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്രമീകരണങ്ങൾ പരിശോധിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് പൂർത്തിയായതെന്നും വോട്ടെണ്ണലും സമാനമായ സാഹചര്യത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും കളക്ടർ വ്യക്തമാക്കി. വോട്ടെണ്ണൽ വിവരങ്ങൾ ലഭ്യമാക്കുന്നതിന് മീഡിയ സെന്റർ മുഖേന സൗകര്യമൊരുക്കും. പഴുതടച്ച സുരക്ഷാസംവിധാനാങ്ങൾ ജില്ലയിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പോലീസ് കമ്മീഷ്ണർ ആർ. ആദിത്യ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ യു. ഷീജാബീഗം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.