തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ തിരിച്ചടി നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ സി.പി.എം വ്യാപക അക്രമത്തിന് കോപ്പുകൂട്ടുന്നതായി വിവരമുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ പറഞ്ഞു. തോറ്റാൽ എതിരാളികളെ ശാരീരികമായി ആക്രമിച്ച് ഭയപ്പെടുത്തുന്നത് സി.പി.എമ്മിന്റെ പതിവ് രീതിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാനും അഴിമതിയിൽനിന്ന് ശ്രദ്ധതിരിക്കാനും അക്രമത്തിലേക്ക് വഴിതിരിച്ച് വിടാനും സി.പി.എം ശ്രമിക്കും.

2016 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം ജില്ലയിൽ വ്യാപകഅക്രമം അഴിച്ചുവിടുകയും കൈപ്പമംഗലത്ത് ബി.ജെ.പി പ്രവർത്തകൻ പ്രമോദ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്നുണ്ടായതുപോലെ അധികാരത്തിന്റെ തണലിൽ രാഷ്ടീയ പ്രതിയോഗികൾക്കെതിരെ അക്രമം അഴിച്ചുവിടുന്നത് തടയാൻ പൊലീസും ജില്ലാഭരണകൂടവും നടപടി സ്വീകരിക്കണം. പ്രകോപനം ഉണ്ടായാലും അതിൽപെടാതെ സംയമനം പാലിക്കാനാണ് എൻ.ഡി.എ തീരുമാനം. ജില്ലയിൽ എൻ.ഡി.എ വൻവിജയം നേടുന്ന സാഹചര്യത്തിലും ആഹ്ലാദം അതിര് വിടരുതെന്നും എതിർകക്ഷി പ്രവർത്തകരെ സ്നേഹത്തോടെ സമീപിക്കണമെന്നും അണികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അഡ്വ. കെ.കെ അനീഷ്‌കുമാർ പറഞ്ഞു.