election

തൃശൂർ: അവസാനവട്ട കൂട്ടിക്കിഴിക്കലുകൾകൂടി പൂർത്തിയാക്കി പ്രതീക്ഷയുടെ തീരത്ത് സ്ഥാനാർഥികളും മുന്നണികളും. ഇന്ന് രാവിലെ 8ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് കണക്കുകൾ പുറത്തുവരുമ്പോൾ ആഹ്ളാദവും മോഹഭംഗവുമൊക്കെ പ്രതീക്ഷിക്കാം. കഴിഞ്ഞതവണ ജില്ലയിൽ ഉണ്ടാക്കിയ മികച്ച നേട്ടം ഇത്തവണയും ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ സംസ്ഥാനത്ത്‌ ഇടതു പക്ഷത്തിനു എതിരായി നിൽക്കുന്ന രാഷ്ട്രീയസാഹചര്യം യു.ഡി.എഫിന്റെ നേട്ടത്തിന് വഴിതുറക്കുമെന്ന് മുന്നണി നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞതവണ ഒരു പഞ്ചായത്തിൽ ഭരണം ലഭിച്ച എൻ.ഡി.എ ഇത്തവണ 10 പഞ്ചായത്തെങ്കിലും ഭരിക്കുമെന്ന് അവകാശപെടുന്നു. ഈ അവകാശവാദങ്ങളെല്ലാം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുമോ എന്നെല്ലാം ഇന്നറിയാം. പിന്നീട് അതേക്കുറിച്ചുളള വിലയിരുത്തലിലാകും നേതാക്കൾ. രാവിലെ 11 മണിയോടെ ഭരണം ആർക്കെന്നത് സംബന്ധിച്ചു ചിത്രം വ്യക്തമാകും.

തൃശൂർ കോർപ്പറേഷൻ

ജില്ലാ പഞ്ചായത്ത് -1

നഗരസഭ -7

ബ്ലോക്ക്‌ പഞ്ചായത്ത് -16

ഗ്രാമ പഞ്ചായത്ത് - 86

ആകെ സ്ഥാനാർത്ഥികൾ- 7101

# തികഞ്ഞ ആത്മവിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കും. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനത്തിനുള്ള അംഗീകാരമാകും

എം.എം. വർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി

# തിരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കാൻ പല വിധത്തിലുള്ള അട്ടിമറികൾക്കും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെങ്കിലും എൽ.ഡി.എഫിനെ ജനം തിരസ്കരിക്കും. യു.ഡി.എഫിന് അനുകൂല ജനവിധിയാണ് ഉണ്ടാവുക

എം.പി. വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ്‌

# ഇടതു വലതു മുന്നണികളെ ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റം എൻ.ഡി.എ നടത്തും. ഫലം വരുന്നതോലെ പല തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണനേതൃത്വം എൻ.ഡി.എയുടെ കൈയിലായിരിക്കും

കെ കെ. അനീഷ്‌ കുമാർ, ബിജെപി ജില്ലാ പ്രസിഡന്റ്‌