
ചാലക്കുടി: അതിരപ്പിള്ളി കണ്ണൻകുഴിയിൽ കിണറ്റിൽവീണ മ്ലാവിനെ വനപാലകർ രക്ഷിച്ചു. പുളിക്കൽ വിജയന്റെ ആൾമറയില്ലാത്ത കിണറിൽ തിങ്കളാഴ്ച രാത്രിയാണ് വലിയമ്ലാവ് വീണത്. നായകൾ ഓടിച്ചുവിട്ട കൂട്ടത്തിൽ ഒന്നാണ് കിണറ്റിൽ വീണത്. തൊട്ടടുത്ത വീട്ടിലെ പൂത്തുറ പ്രസന്നന്റെ ഭാര്യ പ്രസന്നയാണ് വെള്ളം കോരുന്നതിനെത്തിയപ്പോൾ മ്ലാവിനെ ആദ്യംകണ്ടത്. ഇവരടക്കം മറ്റു കുടുംബങ്ങളും വെള്ളം ശേഖരിക്കുന്ന കിണറാണ്. വിവരമറിയിച്ചതിന് തുടർന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനൂപിന്റെ നേതൃത്വത്തിൽ വനപാലകരെത്തി മ്ലാവിനെ കരയ്ക്കുകയറ്റി. ഉടനെ ശുദ്ധീകരിച്ച് കിണർ പഴയ അവസ്ഥയിലാക്കുമെന്ന് വനപാലകർ പറഞ്ഞു.