തൃശൂർ: സ്‌പെഷ്യൽ കൊവിഡ് പോസ്റ്റൽ വോട്ടുകൾ അനുവദിച്ചതിൽ കൂടുതൽ വോട്ടുകൾ ജില്ലയിൽ പല വാർഡുകളിലും തിരിച്ചുവന്നിട്ടുണ്ടെന്നും അവ എണ്ണാൻ അനുവദിക്കില്ലെന്നും തങ്ങളുടെ ആവശ്യം മറികടന്ന് വോട്ടെണ്ണിയാൽ വോട്ടെണ്ണൽ തടസപ്പെടുത്തുമെന്നും ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, ടി.എൻ പ്രതാപൻ എം.പി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ആറ് വാർഡുകൾ, എളവള്ളി ഗ്രാമപഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിലും കോർപ്പറേഷനിലെ വിവിധ ഡിവിഷനുകളിലുമാണ് വൻതോതിൽ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കുമുള്ള സ്‌പെഷ്യൽ ബാലറ്റ് വോട്ടുകളിൽ ക്രമക്കേട് നടന്നിരിക്കുന്നതെന്ന് ഇരുവരും ആരോപിച്ചു. ആയിരം മുതൽ 2000 വരെ വോട്ടുകളുടെ വ്യത്യാസമാണ് സംഭവിച്ചിട്ടുള്ളത്.

ഓരോ വാർഡിനും നിശ്ചിതസമയത്ത് അനുവദിച്ചതിൽ കൂടുതൽ വോട്ടുകൾ വന്നാൽ എണ്ണാൻ അനുവദിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ജില്ലയിൽ നടക്കുന്നത്. സി.പി.എമ്മുകാർക്ക് കള്ളവോട്ട് അനുവദിക്കുന്ന ജില്ലാ തിരഞ്ഞെടുപ്പ് അധികൃതർ അർഹതയുള്ളവർക്ക് വോട്ടിംഗ് നിഷേധിക്കുകയാണ് ചെയ്യുന്നത്. മുൻമന്ത്രി കെ.പി. വിശ്വനാഥനും ഭാര്യയും കൊവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും ബാക്കി കുടുംബാംഗങ്ങൾക്കും സ്‌പെഷ്യൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും ഇതുവരെ അനുവദിച്ചില്ല. ഇക്കാര്യങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, തിരഞ്ഞെടുപ്പ് ചുമതലയുള്ള മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാസൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.