ഗുരുവായൂർ: ഗുരുവായൂരിൽ ഇന്ന് വോട്ടെണ്ണൽ നടക്കുന്ന സമയങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയാണ് നിയന്ത്രണം. ഗുരുവായൂർ നഗരസഭയുടെ വോട്ടുകൾ കിഴക്കേനടയിലെ ടൗൺഹാളിലും ബ്ലോക്ക് പഞ്ചായത്തിന്റേത് മുതുവട്ടൂരിലുള്ള ചാവക്കാട് ഗവ.ഹൈസ്‌ക്കൂളിലുമാണ് എണ്ണുന്നത്. രണ്ട് കേന്ദ്രങ്ങൾക്കു മുന്നിലൂടെയും വോട്ടെണ്ണു സമയങ്ങളിൽ വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.
തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മഞ്ജുളാൽ ജംഗ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് വടക്കേ ഔട്ടർ റിംഗ് റോഡിലൂടെ കൈരളിപടിഞ്ഞാറെ നടവഴി ബസ് സ്റ്റാൻഡിലെത്തണം. ബസ് സ്റ്റാൻഡിൽനിന്ന് തൃശൂർ ഭാഗത്തേക്ക് മടങ്ങിപ്പോകേണ്ടതും ഇതുവഴിതന്നെ. ചാവക്കാട്, കൊടുങ്ങല്ലൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് മുതുവട്ടൂരിൽനിന്ന് പടിഞ്ഞാറെ നടയിലേക്ക് പ്രവേശനമില്ല. മമ്മിയൂർ ജംഗ്ഷനിലൂടെ കൈരളിവഴി വേണം ബസ് സ്റ്റാൻഡിലെത്താൻ.
എന്നാൽ വോട്ടെടുപ്പ് ഉദ്യാഗസ്ഥരുടേയും കൗണ്ടിംഗ് ഏജന്റുമാരുടേയും വാഹനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. ഗതാഗതം നിയന്ത്രിക്കാൻ പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും നിയമംതെറ്റിച്ചാൽ കർശനമായ നടപടിയുണ്ടാകുമെന്നും ടെമ്പിൾ സ്റ്റേഷൻ സി.ഐ. പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു. ടൗൺഹാളിനു അകത്തും പുറത്തുമായി 50 പൊലീസുകാരെ സുരക്ഷാകാര്യങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.