bjp

അഡ്വ.ബി.ഗോപാലകൃഷ്ണൻ തോറ്റു

തൃശൂർ: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ.ബി.ഗോപാലകൃഷ്ണൻ കുട്ടൻകുളങ്ങരയിൽ കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ നേരത്തെ ഉണ്ടായിരുന്ന ചെമ്പുക്കാവും കണ്ണംകുളങ്ങരയും നഷ്ടമായി.

അയ്യന്തോൾ, കൊക്കലെ, പാട്ടുരായ്ക്കൽ ഡിവിഷനുകൾ പിടിച്ചെടുത്തതാണ് നേട്ടം. പുങ്കുന്നം, തേക്കിൻകാട്, കോട്ടപ്പുറം ഡിവിഷനുകൾ ആണ് ജയിച്ച മറ്റ് വാർഡുകൾ. കഴിഞ്ഞ ലോ‌ക്‌സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി.ക്ക് ഇത്തവണ കോർപ്പറേഷനിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.15 സീറ്റ്‌ നേടും എന്നായിരുന്നു പാർട്ടി അവകാശപ്പെട്ടിരുന്നത്.

ഗോപാലകൃഷ്ണന്റെ പരാജയം കനത്ത തിരിച്ചടിയായി. സിറ്റിംഗ് കൗൺസിലർ ആയിരുന്ന ലളിതാംബികയ്ക്ക് സീറ്റ്‌ നൽകാതിരുന്നത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. അതേസമയം,​ കോട്ടപ്പുറം ഡിവിഷനിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ സാധിച്ചു. ബി.ജെ.പിയുടെ നിജി ആണ് വിജയിച്ചത്.

വർഷങ്ങളായി ബി.ജെ.പി കുത്തകയായി വെച്ചിരുന്ന പുങ്കുന്നം നിലനിറുത്തി. ഡോ.ആതിരയാണ് വിജയിച്ചത്. അയ്യന്തോളിൽ ശക്തമായ ത്രികോണ മത്സരത്തിൽ ബി.ജെ.പിയുടെ എൻ.പ്രസാദ്‌ അട്ടിമറി വിജയം നേടി. യു.ഡി.എഫിലെ എ.പ്രസാദിനെ ആണ് തോല്പിച്ചത്. തേക്കിൻകാട് ഡിവിഷൻ എൻ.ഡി.എ നിലനിറുത്തി. പൂർണിമ സുരേഷ് ആണ് ജയിച്ചത്. കണ്ണംകുളങ്ങരയിൽ സിറ്റിംഗ് കൗൺസിലർ ബി.ജെ.പിയുടെ വിൻഷി അരുൺ കുമാർ യു.ഡി.എഫിലെ മുകേഷിനോട് പരാജയപ്പെട്ടു. കൊക്കലെ ഡിവിഷൻ തിരിച്ചു പിടിച്ചത് എൻ.ഡി.എ.യ്ക്ക് നേട്ടമായി. നേരത്തെ മേയറായിരുന്ന അജിത ജയരാജൻ വിജയിച്ച ഇവിടെ മുൻ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി വിജയം നേടി.