flag

തൃശൂർ: തൃശൂരിൽ ലൈഫ് വിവാദം കോൺഗ്രസിനെയും യു.ഡി.എഫിനെയും തുണച്ചില്ലെന്ന് മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു. കണക്കുകൂട്ടലുകളെയും പ്രതീക്ഷകളെയും തെറ്റിക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നത് മൂന്ന് മുന്നണികൾക്കും വലിയ പാഠമാണ്.

കോർപ്പറേഷനിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച കോൺഗ്രസ് കഴിഞ്ഞ തവണ ലഭിച്ച അതേ സീറ്റുകളിൽ ഒതുങ്ങി. ജില്ലാ പഞ്ചായത്തിലാവട്ടെ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ അഞ്ച് സീറ്റ് അധികം നേടി എൽ.ഡി.എഫ് തുടർഭരണം ഉറപ്പിക്കുകയും ചെയ്തു. നഗരസഭകളിൽ കേരളമാകെ ഉറ്റുനോക്കിയ ലൈഫ് മിഷൻ ഫ്‌ളാറ്റ് വിവാദമുയർന്ന വടക്കാഞ്ചേരിയിൽ ഇടതുമുന്നണി വൻ വിജയമാണ് നേടിയത്. അതേ സമയം 16നെതിരെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം കൈയാളിയിരുന്ന ചാലക്കുടിയിൽ ഇത്തവണ അഞ്ച് സീറ്റിലൊതുങ്ങിയത് ആഘാതമായി. ഏഴ് നഗരസഭകളിൽ രണ്ടെണ്ണമാണ് യു.ഡി.എഫ് നേടിയത്.

ബ്ലോക്കുകളിൽ നേരത്തെ മുഖ്യപ്രതിപക്ഷമായി നിന്നിരുന്ന കൊടുങ്ങല്ലൂരിലും കുന്നംകുളത്തും ബി.ജെ.പി കൂടുതൽ സീറ്റുറപ്പിച്ചപ്പോൾ കോൺഗ്രസ് ഏറെ പിറകിലേക്ക് പോയി. ഗുരുവായൂരിലും ചാവക്കാടും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ ഭരണമുറപ്പിച്ചു. ബി.ജെ.പി ഭരണം നടത്തുന്ന അവിണിശേരിയിൽ അംഗസംഖ്യ വർധിപ്പിച്ച് തുടർഭരണം നേടി. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറി മാറി അധികാരത്തിലേറ്റാറുള്ള കൈപ്പറമ്പിൽ ഇടതുമുന്നണി തുടർഭരണം നേടിയപ്പോൾ കോൺഗ്രസ് കാലങ്ങളായി കൈവശം വെച്ചിരുന്ന, അനിൽ അക്കര എം.എൽ.എയുടെ നാടായ അടാട്ട് പഞ്ചായത്തിലും വാർഡിലും യു.ഡി.എഫ് കനത്ത തോൽവിയാണ് നേരിട്ടത്. പഞ്ചായത്ത് ഇടതുമുന്നണി പിടിച്ചെടുത്തപ്പോൾ അനിലിന്റെ വാർഡിൽ ബി.ജെ.പി വിജയിച്ചു. ബ്ലോക്കുകളിൽ കഴിഞ്ഞ തവണ 16ൽ മൂന്നെണ്ണമൊഴികെയായിരുന്നു ഇടതുമുന്നണി ഭരിച്ചിരുന്നതെങ്കിൽ ഇത്തവണ 14ഉം നേടി. ഗ്രാമപഞ്ചായത്തുകളിൽ 86ൽ 65ഉം ഇടതുപക്ഷത്തിനൊപ്പം നിന്നു. കഴിഞ്ഞ തവണയുണ്ടായതിൽ ഒരെണ്ണം കുറഞ്ഞ് യു.ഡി.എഫ് ഭരണം 20 പഞ്ചായത്തിലായി. അവിണിശേരിയിൽ എൻ.ഡി.എ ഭരണം നിലനിറുത്തി.