
ചാലക്കുടി: നഗരസഭയില്‍ തകര്‍ന്നടിഞ്ഞ എല്‍.ഡി.എഫ് പഞ്ചായത്തുക്കളില്‍ നടത്തിയത് അമ്പരപ്പിക്കുന്ന വിജയം. അഞ്ചു പഞ്ചായത്തുകളിലും എല്‍.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. അതിരപ്പിള്ളി, പരിയാരം, മേലൂര്‍, കൊരട്ടി എന്നീ പഞ്ചായത്ത് ഭരണം നിലനിറുത്തിയ എല്‍.ഡി.എഫ് കാടുകുറ്റി യു.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. കോടശേരി എൽ.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫ് പത്തുസീറ്റുമായി കഷ്ടിച്ച് ഭരണത്തിലേറി. എല്‍.ഡിഎഫ് ഒമ്പത് സീറ്റോടെ തൊട്ടുപിന്നിലെത്തി. എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് ലഭിച്ചു. 19 സീറ്റുള്ള കൊരട്ടിയില്‍ ഇക്കുറി എല്‍.ഡി.എഫ് പത്തെണ്ണം നേടി വ്യക്തമായ ആധിപത്യം നിലനിറുത്തി. നിലവില്‍ ഒമ്പതു സീറ്റുകളായിരുന്നു ഇരുപക്ഷത്തിനും. ഇപ്പോള്‍ യു.ഡി.എഫ് അഞ്ചിലൊതുങ്ങി. എന്‍.ഡി.എ, സ്വതന്ത്രര്‍ എന്നിവര്‍ രണ്ടു സീറ്റുകള്‍ വീതവും സ്വന്തമാക്കി.
എന്‍.ഡി.എയുടെ കടുത്ത വെല്ലുവിളി നേരിട്ട മേലൂരിലും എല്‍.ഡി.എഫ് പത്തു സീറ്റുകളോടെ ഭരണം നിലനിറുത്തി. ഇവിടെ നാലു സീറ്റ് യു.ഡി.എഫിനും മൂന്നെണ്ണം എന്‍.ഡി.എയ്ക്കും ലഭിച്ചു. പരിയാരം പഞ്ചായത്തില്‍ മികച്ച നേട്ടത്തിലൂടെ എല്‍.ഡി.എഫ് ഭരണം നിലനിറുത്തി. ഒമ്പതു സീറ്റുകളില്‍ ഭരണമുന്നണി വിജയം കണ്ടപ്പോള്‍ യു.ഡി.എഫ് രണ്ടെണ്ണത്തില്‍ ദയനീയമായി ഒതുങ്ങി. യു.ഡി.എഫിനെ അമ്പരിപ്പിച്ച് നാലു സ്വതന്ത്രന്മാരും വിജയ സിംഹാസനത്തിലേറി. അതിരപ്പിള്ളിയിലും എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ചയുണ്ടാക്കി. എട്ടു സീറ്റുകളാണ് നേടിയത്. യു.ഡി.എഫ് നാലില്‍ ഒതുങ്ങി. ഇതാദ്യമായി എന്‍.ഡി.എയും ഒരു സീറ്റു നേടി. കാടുകുറ്റിയിലേത് എല്‍.ഡി.എഫിന്റെ അഭിമാന നേട്ടമാണ്. കോണ്‍ഗ്രസിന്റെ കുത്തക പഞ്ചായത്തായ ഇവിടെ പത്തു സീറ്റുകള്‍ കരസ്ഥമാക്കി ഏറക്കാലത്തിനു ശേഷം എല്‍.ഡി.എഫ് അധികാരത്തിലെത്തുകയാണ്. ഭരണകക്ഷിയായ യു.ഡി.എഫ് ആറെണ്ണത്തില്‍ ഒതുങ്ങിയപ്പോള്‍ എന്‍.ഡി.എയ്ക്ക് നിലവിലുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടു.