
തൃശൂര്‍: ജില്ലയെ ചുവപ്പണിയിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫിന് ആധിപത്യം. 86 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 64 ഉം യു.ഡി.എഫ് 20 ഉം കരസ്ഥമാക്കി. കഴിഞ്ഞ തവണ ബി.ജെ.പി നേടിയ അവിണിശേരി പഞ്ചായത്തില്‍ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ബി.ജെ.പിയാണ് കൂടുതല്‍ സീറ്റുനേടി മുന്നില്‍ നില്‍ക്കുന്നത്. തിരുവില്വാമലയിലും എൽ.ഡി.എഫിനും എൻ.ഡി.എ.ക്കും ആറുവീതം സീറ്റ് ലഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ നഗരസഭ നേരിയ വ്യത്യാസത്തിനാണ് എൻ.ഡി.എയ്ക്ക് നഷ്ടപെട്ടത്.
കഴിഞ്ഞ തവണ 68 പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് മേല്‍ക്കോയ്മ നേടിയിരുന്നത്. യു.ഡി.എഫിന് 19 പഞ്ചായത്തുകളിലാണ് ഭരണമുണ്ടായിരുന്നത്. നഗരസഭകളില്‍ ആകെയുള്ള ഏഴെണ്ണത്തില്‍ അഞ്ചിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. 16 ബ്ലോക്കുകളില്‍ എല്‍.ഡി.എഫ് 14ഉം യു.ഡി.എഫ് രണ്ടിടത്തുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ 13 ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് ആണ് ഭരിച്ചിരുന്നത്. മൂന്നു ബ്ലോക്ക് പഞ്ചായത്ത് ഭരണം ആണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തിന്റെ 29 ഡിവിഷനുകളില്‍ 24ഉം എല്‍.ഡി.എഫ് നേടി. കഴിഞ്ഞ തവണ ഒമ്പതു ഡിവിഷന്‍ നേടിയ യു.ഡി.എഫിന് ഇക്കുറി അഞ്ചു ഡിവിഷൻ മാത്രമേ നേടാനായുള്ളു. തൃശൂര്‍ കോര്‍പറേഷനിലെ 55ല്‍ തിരഞ്ഞെടുപ്പു നടന്ന 54 ഡിവിഷനുകളില്‍ 24 എണ്ണം എല്‍.ഡി.എഫും 23 ഡിവിഷനുകള്‍ യു.ഡി.എഫും ആറു ഡിവിഷനുകള്‍ ബി.ജെ.പിയും ഒരു ഡിവിഷനില്‍ കോണ്‍ഗ്രസ് വിമതനും വിജയിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ചാലക്കുടിയും ചാവക്കാടും മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. നഗരസഭകളില്‍ ചാലക്കുടിയും ഇരിങ്ങാലക്കുടിയുമാണ് യു.ഡി.എഫിനൊപ്പം നിന്നത്. പുത്തൂര്‍, കൊരട്ടി, മാള, കടപ്പുറം, അടാട്ട് എന്നിവയാണ് യു.ഡി.എഫിനൊപ്പം നിന്ന ജില്ല പഞ്ചായത്ത് ഡിവിഷനുകൾ.
കക്ഷി നില
എല്‍.ഡി.എഫ് യു.ഡി.എഫ് എന്‍.ഡി.എ മറ്റുള്ളവര്‍ ആകെ
ജില്ല പഞ്ചായത്ത് 24-5-0-0-29
ഗ്രാമപഞ്ചായത്ത് 64-20-1-86
ബ്ലോക്ക് പഞ്ചായത്ത് 14-2-0-0-16
നഗരസഭകള്‍ 5-2-0-7
കോര്‍പറേഷന്‍ 24-23-6-1-54