bjp

തൃശൂർ. കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും തിരിച്ചടി ഉണ്ടായെങ്കിലും ജില്ലയിലെ മറ്റിടങ്ങളിൽ തരക്കേടില്ലാത്ത പ്രകടനം ആണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ കാഴ്ച്ചവെച്ചത്. കഴിഞ്ഞ തവണ 143 സീറ്റുണ്ടായിരുന്ന ബി.ജെ.പി.ക്ക് ഇത്തവണ 200 മുകളിൽ എത്തിക്കാനായി. അവിണിശ്ശേരിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ സാധിച്ചു. നഗരസഭകളിൽ കൊടുങ്ങല്ലൂർ, കുന്നംകുളം എന്നിവിടങ്ങളിൽ പ്രതിപക്ഷം എൻ.ഡി.എ ആണ്.

കൊടുങ്ങല്ലൂരിൽ ഭരണം നേടിയ എൽ.ഡി.എഫിനെക്കാൾ ഒരു സീറ്റ്‌ മാത്രമാണ് കുറവുള്ളത്. ഇരിങ്ങാലക്കുടയിൽ മൂന്ന് സീറ്റ്‌ ഉണ്ടായിയുന്നത് എട്ടായി വർധിപ്പിക്കാൻ സാധിച്ചു. 80% പഞ്ചായത്തുകളിലും സാന്നിധ്യമായി മാറി. 500ൽ അധികം സീറ്റുകൾ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ രണ്ടു ബ്ലോക്ക്‌ ഡിവിഷൻ ഉണ്ടായിരുന്നത് നാലാക്കി. തിരുവില്വാമല, പുന്നയൂർക്കുളം, വാടാനപ്പിള്ളി, എസ്.എൻ.പുരം,​ എടവിലങ്ങ്, ഇരിങ്ങാലക്കുട, ചേർപ്പ് പഞ്ചായത്തുകളിൽ അഞ്ചിലധികം സീറ്റുകൾ നേടി. നഗരസഭകളിൽ ചാലക്കുടി, ചാവക്കാട് എന്നിവിടങ്ങളിൽ അംഗങ്ങളില്ല.

അതേ സമയം കോർപറേഷനിൽ ഉണ്ടായ തിരിച്ചടി വരും ദിവസങ്ങളിൽ ബി.ജെ.പി.യിൽ വലിയ പൊട്ടിത്തെറിക്ക് വഴി വെച്ചേക്കും. ബി.ഗോപാലകൃഷ്ണന്റെ പരാജയം സംസ്ഥാന തലത്തിൽ തന്നെ ചർച്ചയാകും. 15 സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ട സ്ഥാനത്താണ് ആറിലൊതുങ്ങിയത്. കുന്നംകുളത്ത് പ്രതിപക്ഷം ആയാലും കൂടുതൽ സീറ്റ്‌ നേടാൻ സാധിക്കാത്തിരുന്നത് തിരിച്ചടി ആയി.