
മാള: പഞ്ചായത്തിൽ കൈപ്പത്തിയെ ഒതുക്കി കുടം ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ് ഐ വിഭാഗം സ്ഥാനാർത്ഥി ജോഷി കാഞ്ഞൂത്തറ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 310 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ജോഷിക്ക് ബഹുദൂരം പിന്നിലാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച എ വിഭാഗത്തിന്റെ സെൻസൻ അറയ്ക്കൽ. ജോഷിക്ക് 576 വോട്ട് ലഭിച്ചപ്പോൾ സെൻസന് 269 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻ.ഡി.എ.യും എൽ.ഡി.എഫും മൂന്നും നാലും സ്ഥാനത്താണ്. സംസ്ഥാനതല നേതാക്കളുടെ ഇടപെടലും തർക്കവും നടന്ന വാർഡാണ് മാള പഞ്ചായത്തിലെ കാവനാട് വാർഡ്. ഡി.സി.സി.പ്രസിഡന്റ് ആദ്യം ജോഷിക്കും പിന്നീട് സെൻസനും കൈപ്പത്തി ചിഹ്നം രേഖാമൂലം നൽകി വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ അവസാനം ചിഹ്നം നൽകിയ സെൻസന് വരണാധികാരി കൈപ്പത്തി അനുവദിച്ചു. എന്നാൽ വീണ്ടും ജോഷിയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ഡി.സി.സി.പ്രസിഡന്റ് പ്രഖ്യാപിച്ച് കത്ത് നൽകിയെങ്കിലും ചിഹ്നം കുടമായി. കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞാണ് ഇരു സ്ഥാനാർത്ഥികൾക്കും വേണ്ടി പ്രവർത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോഷിയുടെ ഭാര്യ സ്വതന്ത്രയായി മത്സരിച്ച് ഈ വാർഡിൽ നിന്ന് വിജയിച്ചിരുന്നു. അതിനു മുമ്പ് ജോഷിയായിരുന്നു ഇവിടത്തെ ജനപ്രതിനിധി. ജോഷിക്ക് വാർഡിൽ ഉണ്ടായിരുന്ന സ്വീകാര്യതയെ മറികടക്കാൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച എ വിഭാഗത്തിന്റെ പ്രതിനിധിക്കും എൽ.ഡി.എഫിനും എൻ.ഡി.എ.ക്കും കഴിഞ്ഞില്ല. കോൺഗ്രസ് സ്ഥാനാർത്ഥികൾ പരസ്പരം മത്സരിച്ചിട്ടും കാഴ്ചക്കാരായി നിൽക്കാനേ ഇരുമുന്നണികൾക്കും കഴിഞ്ഞുള്ളൂ.