trissur

തൃശൂർ: കോർപ്പറേഷനിൽ ഇടത്, വലത് മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കോൺഗ്രസ്‌ വിമതനായി പന്ത് അടയാളത്തിൽ ജയിച്ച എം.കെ. വർഗീസിന്റെ നിലപാട് നിർണായകമാകുന്നു. 23 സീറ്റ് യു.ഡി.എഫും 24 സീറ്റ് എൽ.ഡി.എഫും ആറിടത്ത് എൻ.ഡി.എയും ഒരു സീറ്റിൽ കോൺഗ്രസ് വിമതനുമാണ് ജയിച്ചത്. കോൺഗ്രസ് വിമതന്റെ പിന്തുണ നഗര ഭരണത്തിൽ നിർണായകമാകും. സ്വതന്ത്രരുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിലേറിയത്. ഇത്തവണയും അതിനുള്ള ആലോചനകളിലാണ് മുന്നണികൾ. സ്വതന്ത്രനെ എങ്ങനെ കൂടെ നിറുത്താനാകുമെന്നാണ് ഇരുമുന്നണികളും തലപുകഞ്ഞ് ആലോചിക്കുന്നത്. വിമതനായത്തോടെ കോൺഗ്രസിൽ നിന്ന് വർഗീസിനെ പുറത്താക്കിയെങ്കിലും ജയിച്ച ശേഷം പാർട്ടിയെ തള്ളി പറയാൻ തയ്യാറായിട്ടില്ല. അതാണ് യു. ഡി. എഫിന് നൽകുന്ന ആശ്വാസം.എന്നാൽ വർഗീസ് പിന്തുണച്ചാലും മേയർ സ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ചു വ്യക്തത ഇല്ല. വർഗീസ് പിന്തുണച്ചാൽ എൽ.ഡി.എഫിനു യു.ഡി.എഫിനും 24 സീറ്റുകൾ ആകും. അങ്ങനെ വന്നാൽ നറുക്കെടുപ്പ് വേണ്ടി വരും. എന്നാലും പുല്ലഴിയിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് ഫലം ആശ്രയിച്ചു ഇരിക്കും ഭാവി. പുല്ലഴി എൽ.ഡി.എഫിനെ തുണച്ചാൽ 25 സീറ്റുകൾ ആകും. അതേ സമയം, വർഗീസ് കോൺഗ്രസിൽ ചേരുകയും പുല്ലഴി നേടുകയും ചെയ്താൽ ഭരണം ഉറപ്പിക്കാം. എന്തായാലും തിരക്കിട്ട ചർച്ചകൾ ആണ് നടക്കുന്നത്. രാജൻ പല്ലനും പി.കെ. ഷാജനും ആണ് മേയർ സ്ഥാനാർത്ഥികൾ.