
വി.എസ്. പ്രിൻസിന് സാധ്യത
തൃശൂർ: കഴിഞ്ഞ തവണത്തെക്കാൾ മികച്ച നേട്ടം കൈവരിച്ച് ജില്ലാ പഞ്ചായത്ത് ഭരണം നിലനിറുത്തിയ എൽ.ഡി.എഫ് യു.ഡി.എഫിനെ തീർത്തും നിഷ്പ്രഭരാക്കി. കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയ അവർ വെറും 5 സീറ്റിൽ ഒതുങ്ങി. പ്രസിഡന്റ് സ്ഥാനത്ത് ആദ്യ ഊഴം സി.പി.ഐക്ക് ആയിരിക്കും. അങ്ങനെ വന്നാൽ ആമ്പല്ലൂർ ഡിവിഷനിൽ നിന്ന് വിജയിച്ച വി.എസ്.പ്രിൻസ് ആയിരിക്കും ആദ്യ ടേമിൽ പ്രസിഡന്റ്.
രണ്ടു പുരുഷൻമാർ ആണ് സി.പി.ഐയിൽ വിജയിച്ചത്. ഇതിൽ പ്രിൻസിന് ആണ് കൂടുതൽ സാദ്ധ്യത. മുല്ലശ്ശേരിയിൽ നിന്ന് വിജയിച്ച ബെന്നി ആണ് മറ്റൊരാൾ. വനിതാ സംവരണം ആയ വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിലെ മഞ്ജുള അരുണിന് ലഭിച്ചേക്കും. ആദ്യ തവണ സി.പി.എം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചാൽ ജില്ലാ കമ്മിറ്റി അംഗവും കർഷക സംഘത്തിന്റെ നേതാവും ആയ പി.കെഡേവിസ് ആയിരിക്കും പ്രസിഡന്റ്. സി.പി.ഐയിലെ മുൻ താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ഷീന പറയങ്ങാട്ടിലിനോ കൈപ്പമംഗലത്ത് നിന്ന് വിജയിച്ച കെ.എസ്.ജയയ്‌ക്കോ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചേക്കും. മുൻ കാലങ്ങളിൽ സി.പി.ഐ ആണ് ആദ്യ രണ്ടു വർഷം പ്രസിഡന്റ് സ്ഥാനം വഹിക്കാറുള്ളത്. എന്നാൽ ഇതു സംബന്ധിച്ചു ചർച്ചകൾ നടന്നിട്ടില്ല. വരും ദിവസങ്ങളിൽ മുന്നണി നേതാക്കൾ ചർച്ചകൾ നടത്തി തീരുമാനം എടുക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു.