udf

തൃശൂർ: സംഘടനാ സംവിധാനം അപ്പാടെ പാളിയതാണ് ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് തോൽവിയുടെ മുഖ്യഘടകം. സ്ഥാനാർഥി നിർണയത്തിലെ കല്ലുകടിയിൽ തുടങ്ങിയ അപചയം മറികടക്കാൻ ഒരു ഘട്ടത്തിലും കോൺഗ്രസിനോ ഘടക കക്ഷികൾക്കോ ആയില്ലെന്ന നിരീക്ഷണം ശക്തമാണ്. നാമനിർദ്ദേശം ചെയ്ത സ്ഥാനാർഥികളിൽ പലരും ഡിവിഷൻ തന്നെ മൂഴുവനായി കണ്ടില്ല എന്ന പരാതിയുമുണ്ട്.

പോസ്റ്ററുകൾ അടക്കം പതിക്കുന്നതിനും പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നതിനും ശാസ്ത്രീയമായ രീതി അവലംബിക്കുന്നതിലും പിന്നാക്കം പോയി. ജില്ലാ പഞ്ചായത്തിലേക്കായി യു.ഡി.എഫിനായി പ്രകടനപത്രിക പോലും പുറത്തിറക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. ഇതെല്ലാം കാരണം കഴിഞ്ഞ തവണയിലെ ഒമ്പതിൽ നിന്നും അഞ്ചിലേക്ക് യു.ഡി.എഫ് കക്ഷിനില ഒതുങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അഴീക്കോട്-മുനമ്പം ജങ്കാർ വിഷയം മുഖ്യ പ്രചാരണമാക്കിയാണ് ഇടതുപക്ഷം 20 സീറ്റോടെ ജില്ലാ പഞ്ചായത്ത് പിടിച്ചടക്കുന്നത്. പിന്നാലെ ജങ്കാർ വിഷയത്തിലുണ്ടായ തുടർച്ചയായ പ്രശ്നങ്ങൾ പോലും ജനമധ്യത്തിൽ അവതരിപ്പിക്കാൻ യു.ഡി.എഫ് ശ്രമിച്ചില്ല. ജില്ലാ പ‍ഞ്ചായത്ത് യോഗങ്ങളിലും പുറത്തേും പ്രതിഷേധം ഉയർത്തുന്നതിൽ പരാജയെപ്പട്ടു.

കൊവിഡ് കാലത്ത് വിഞ്ജാൻ സാഗർ പുട്ടിയിട്ടത് ഇടതുപാളയത്തിൽ പോലും പ്രതിഷേധത്തിന് ിടയാക്കിയിരുന്നു. വിവിധ സൗഹൃദ പദ്ധതികൾ തുടങ്ങിവെച്ചെങ്കിലും തുടർപ്രവർത്തനം ഇഴഞ്ഞതിൽ ഭരണപക്ഷത്തും വിയോജിപ്പ് പ്രകടമായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രി വികസനം എങ്ങുമെത്താത്ത സാഹചര്യവും യു.ഡി.എഫിന് ഉപയോഗിക്കാനായില്ല. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളുടെ അറ്റകുറ്റപണി വൈകിയതും രാജ്യാന്തര സ്കുൾ നിർമ്മാണ പ്രവർത്തികൾ എങ്ങുമെത്താത്ത സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ കൃത്യമായ പ്രചാരണത്തിലൂടെ ജനങ്ങളിൽ ഇക്കാര്യം എത്തിക്കുന്നതിന് യു.ഡി.എഫിന് കഴിഞ്ഞില്ല.

മറുഭാഗത്ത് ചിട്ടയായ പ്രവർത്തനമാണ് നടന്നത്. ചുരുങ്ങിയത് എല്ലാ ഡിവിഷനിലും എട്ടു കോടിയോളം വരുന്ന വികസന പ്രവർത്തനം നടത്തിയെന്ന അവകാശവാദം മൂന്നുഘട്ടങ്ങളിലായി നടത്തിയ പ്രചാരണ വേളയിൽ ജനങ്ങളിൽ എത്തിക്കാനായി. ഒരു തവണ മാത്രം കൈവിട്ടുപോയ ഭരണം ഇനി ഒരിക്കലും യു.ഡി.എഫിന് നൽകരുതെന്ന കൃത്യമായ ആസൂത്രണമാണ് ഇടതുമുന്നണി നടത്തിയത്. മറിച്ച് യു.ഡി.എഫ് ഇത്തരമൊരു ലക്ഷ്യമടക്കം ഒന്നുമുണ്ടായിരുന്നില്ലെന്ന പരിവേദനമാണ് നേതാക്കളടക്കം കുറ്റപ്പെടുത്തുന്നത്.

സീറ്റുകൾ ലഭിച്ചില്ലെങ്കിലും ഭൂരിഭാഗം ഡിവിഷനുകളിലും വോട്ട് വർധിപ്പിക്കാൻ എൻ.ഡി.എ.യ്ക്ക് സാധിച്ചു. 2000 മുതൽ 3000 വോട്ട് പല ഡിവിഷനിലും കൂടി.