c

കൊടുങ്ങല്ലൂർ: നഗരസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മത്സരിച്ച 44 വാർഡുകളിൽ 30തിലും കോൺഗ്രന് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തായി. 25-ാം വാർഡിൽ നിന്ന് ജയിച്ച വി.എം.ജോണിയാണ് നഗരസഭയിലെ ഏക കോൺഗ്രസ് അംഗം.

21 സീറ്റ് നേടി ഭരണത്തിന് വക്കൊളമെത്തിയ ബി.ജെ.പി 14 വാർഡുകളിൽ രണ്ടാം സ്ഥാനാത്തെത്തി. യു.ഡി.എഫിലെ സീറ്റു ചർച്ച പാളിയതിനെ തുടർന്ന് മുന്നണി വിട്ട ലീഗ് നാല് വാർഡുകളിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രണ്ടു വാർഡുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളുടെ വിജയത്തിന് കാരണമായി. എട്ടാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി സി.നന്ദകുമാർ ഏഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇവിടെ മത്സരിച്ച ലീഗ് സ്ഥാനാർത്ഥി 69 വോട്ടാണ് നേടിയത്. ഒമ്പതാം വാർഡിലും ലീഗ് സ്ഥാനാർത്ഥിയുടെ സാന്നിധ്യമാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയത്തിലേക്ക് നയിച്ചത്. സി.പി.ഐ.യിലെ അനിത ബാബു 47 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലീഗ് സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് ഇടയാക്കി.

ലീഗ് മത്സരിച്ച ടൗൺ ഹാൾ വാർഡിൽ 25 വോട്ടും കെ.കെ.ടി.എം വാർഡിൽ 33 വോട്ടുമാണ് ലഭിച്ചത്. ലീഗ് സ്ഥാനാർത്ഥികൾ നാലുപേരും പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന് രണ്ട് സീറ്റുകൾ നഷ്ടപ്പെടുത്താൻ ലീഗിന്റെ കാലുമാറ്റം ഇടയാക്കി. ഒരു മുന്നണിക്കും അമിതമായ ഭൂരിപക്ഷം അവകാശപ്പെടാൻ ഇല്ലാത്ത നഗരസഭയിൽ ഇത്തവണയും ഇടതുമുന്നണി ഭരണം ഉറപ്പാക്കി.

44ൽ 22 സീറ്റാണ് ഇടതുമുന്നണി നേടിയത്. 10 സീറ്റിൽ സി.പി.ഐ.യും 12 സീറ്റിൽ സി.പി.എമ്മും ജയിച്ചു. ബി.ജെ.പി 21 സീറ്റിൽ വിജയിച്ചുവെങ്കിലും കോൺഗ്രസ് അംഗത്തിന്റെ പിന്തുണ ലഭിച്ചാൽ പോലും ചെയർമാൻ സ്ഥാനം അവകാശപ്പെടാൻ കഴിയില്ല. നഗരസഭയിൽ ഹരിജൻ വനിതയ്ക്കാണ് ചെയർമാൻ സ്ഥാനം സംവരണം ചെയ്തിട്ടുള്ളത്. ചെയർമാൻ സ്ഥാനത്തേക്ക് ബി.ജെ.പി മത്സര രംഗത്തിറങ്ങായ മൂന്ന് വനിത സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. ഇതോടെ ചെയർമാൻ സ്ഥാനം അവകാശപ്പെടാൻ അവസരം ഇല്ലാതായി.

ഇടതു മുന്നണിയിലെ സി.പി.ഐ.യിലും സി.പി.എമ്മിലും ഹരിജൻ വനിതകൾ ജയിച്ചു കയറി. മുന്നണി സംവിധാനം അനുസരിച്ച് ആദ്യത്തെ രണ്ടുവർഷം സി.പി.ഐ.ക്കും തുടർന്നുള്ള മൂന്നുവർഷം സി.പി.എമ്മിനുമാണെന്നാണ് അദ്ധ്യക്ഷ പദവിക്ക് ധാരണ. ഇതനുസരിച്ച് ചാപ്പാറ വാർഡിൽ നിന്നം തെരഞ്ഞെടുക്കപ്പെട്ട എം.യു.ഷിനിജയാകും ആദ്യം അദ്ധ്യക്ഷ പദവിയിലെത്തുക.