ele

തൃശൂർ: കോർപറേഷൻ ഭരണം ത്രിശങ്കുവിലാകുമെന്ന് ഫലസുചനകൾ ലഭിച്ചിട്ടും വിമതനെ തങ്ങൾക്ക് ഒപ്പം നിർത്തുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപെട്ടുവെന്ന ആക്ഷേപം ശക്തമായി. വർഗീസ് തങ്ങൾക്ക് ഒപ്പം തന്നെ വരുമെന്ന അമിത ആത്മവിശ്വാസം ആണ് കോൺഗ്രസിനെ വീഴ്ത്തിയത്. അതേ സമയം കിട്ടിയ അവസരം സി.പി.എം വിനിയോഗിച്ച് ഭരണം നിലനിറുത്താൻ ശ്രമിച്ചു. വർഗീസിനെതിരെ ടി.എൻ.പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് എം.പി.വിൻസെന്റ് എന്നിവരെ കൊണ്ടുവന്ന് പ്രചാരണം നടത്തിയതും വർഗീസിനെ ചൊടിപ്പിച്ചു. നേരത്തെ കൈപ്പത്തി ചിഹ്നം വരച്ചു ഡിവിഷനിൽ പ്രചാരണം ആരംഭിച്ച ശേഷമാണ് സീറ്റ് നിഷേധിച്ചു ബൈജുവിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. തുടർന്ന് ജനകിയ മുന്നണി രൂപീകരിച്ചു വർഗീസ് ഫുട് ബാൾ ചിഹ്‌നത്തിൽ മത്സരിച്ചു ജയിച്ചത്.

അതേസമയം, കോൺഗ്രസ് വിമതന്റെ പിന്തുണയോടെ ഭരണം ഉറപ്പിച്ചെങ്കിലും മേയർ സ്ഥാനം പാർട്ടി കൗൺസിലർക്ക് ലഭിക്കില്ല എന്നത് സി.പി.എമ്മിന് കനത്ത തിരിച്ചടി ആയി. ഭരണം ലഭിച്ചാൽ മേയർ ആകാൻ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ഷാജനാണ് പദവി ലഭിക്കാതെ പോകുന്നത്. അഞ്ചുവർഷവും മേയർ പദവി വേണം എന്ന ഡിമാൻഡ് ആണ് കോൺഗ്രസ് വിമതൻ എം.കെ.വർഗീസ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാൽ ഒരു വർഷത്തേക്ക് ആണ് നിലവിലെ കരാർ.

കോൺഗ്രസിനെക്കാൾ ഒരു സീറ്റ് കൂടുതൽ ഉള്ള എൽ.ഡി.എഫിന് വരാൻ പോകുന്ന പുല്ലഴി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒറ്റയ്ക്ക് ഭരിക്കാം. അങ്ങനെ വന്നാൽ വർഗീസിനോട് സി.പി.എം രാജി ആവശ്യപ്പെട്ടേക്കും. രാജി വെക്കാൻ തയാറായില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ട് വരാനും സി.പി.എം മടിക്കില്ല. എന്തായാലും നിയമസഭ തിരെഞ്ഞെടുപ്പ് വരെ വർഗീസ് മേയറായി തുടർന്നേക്കും. ഇതിനിടെ പുല്ലഴി യു.ഡി.എഫിനെ തുണച്ചാൽ വർഗീസിന് എൽ.ഡി.എഫിൽ കൂടുതൽ സമ്മർദ്ദം ചെലുത്താം.

അങ്ങനെ വന്നാൽ എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.എമ്മിന് ലഭിക്കുന്ന കാലാവധി പൂർണമായും വർഗീസിന് നൽകേണ്ടി വരും. അപ്പോൾ മേയർ പദവിയിൽ ഇരിക്കാമെന്ന മോഹം പി.കെ.ഷാജന് ഉപേക്ഷിക്കേണ്ടി വരും. എൽ.ഡി.എഫ് ഉറപ്പിച്ചിരുന്ന എന്താനും സീറ്റുകൾ നഷ്ടപെട്ടതാണ് കോൺഗ്രസ് വിമതന്റെ പിന്നാലെ പോകേണ്ടി വന്നത്. രണ്ടു മേയർമാരുടെ ഡിവിഷനുകൾ നഷ്ടമായതും തിരിച്ചടിയായി. കൊക്കലെ ഡിവിഷൻ സി.പി.എമ്മിന്റെ മേയർ ആയിരുന്ന അജിത ജയരാജൻ വിജയിച്ച വാർഡ് ആയിരുന്നു. ഈ സീറ്റ് ബി.ജെ.പി പിടിച്ചെടുത്തപ്പോൾ കണിമംഗലത്ത് മുൻ മേയർ ആയിരുന്ന അജിത വിജയനും പരാജയപെട്ടു.