 
തൃശൂർ: ഒളകര ആദിവാസി കോളനി നിവാസികൾക്ക് ഭൂമി ലഭ്യമാക്കൽ നടപടി വേഗത്തിലാക്കുമെന്നും ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ തന്നെ ഭൂരേഖ കൈമാറുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കലക്ടറുടെ ചേംബറിൽ ജില്ലാ ആദിവാസി സമിതിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചയത്.
കോളനി നിവാസികളുടെ കാലാകാലങ്ങളായുള്ള ആവശ്യമാണ് 44 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുക എന്നത്. ഒരു കുടുംബത്തിന് 93.3 സെന്റ് ഭൂമി എന്ന കണക്കിൽ മൊത്തം 41 ഏക്കർ ഭൂമി 44 കുടുംബങ്ങൾക്കായി വിഭജിച്ചു നൽകും. കൂടാതെ പൊതുശ്മശാനം, കളിസ്ഥലം, കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയവക്കായി രണ്ടേക്കർ ഭൂമിയും നൽകും. പൊതു റോഡുകൾ, തോട്, ക്ഷേത്രം എന്നിവയ്ക്കും സ്ഥലം നൽകും. ഒളകര ആദിവാസികൾക്ക് നേരെ വനംവകുപ്പ് ചുമത്തിയിട്ടുള്ള കേസുകളെല്ലാം പിൻവലിച്ചതായും ട്രയൽ കേസുകൾ ഉടൻ തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
10 വർഷത്തിലേറെയായി പൂട്ടി കിടക്കുന്ന പാലപ്പിള്ളി പട്ടികവർഗ സഹകരണ സംഘം തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടി കൈക്കൊള്ളും. ചീഫ് വിപ്പ് അഡ്വ.കെ.രാജൻ, ജില്ലാ കളക്ടർ എസ്.ഷാനവാസ്, എ.സി.പി വി.കെ.രാജു, ആർ.ഡി.ഒ എൻ.കെ.കൃപ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ എൻ.രാജേഷ്, ചാലക്കുടി ടി.ഡി.ഒ സന്തോഷ് കുമാർ ഇ.ആർ, ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദർ, പാലപ്പള്ളി ആർ.എഫ്.ഒ പ്രേം ഷമീർ കെ.പി, തഹസിൽദാർ സന്ദീപ് എം, മണിയൻ കിണർ ഊരുമൂപ്പൻ എം.എ.കുട്ടൻ, ഒളകര ഊരു മൂപ്പത്തി മാധവി, ജില്ലാ ആദിവാസി സമിതി പ്രസിഡന്റ് ടി.സി.വാസു, സെക്രട്ടറി എം.എൻ.പുഷ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.