c

ആദ്യം എബി ജോർജ്ജിന് സാധ്യത


ചാലക്കുടി:മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ യു.ഡി.എഫിനെ ചാലക്കുടി നഗസഭയിൽ കാത്തിരിക്കുന്നത് വലിയ അധികാര വടംവലി. ചെയർമാൻ സ്ഥാനത്തേയ്ക്ക് അര ഡസൻ നേതാക്കൾ തയ്യാറായി കഴിഞ്ഞത് വരും നാളുകളിൽ യു.ഡി.എഫിനെ നട്ടംതിരിക്കുമെന്ന് ഉറപ്പായി.

വി.ഒ.പൈലപ്പൻ, എബി ജോർജ്ജ്, കെ.വി.പോൾ, എം.എം.അനിൽകുമാർ, അഡ്വ.ബിജു ചിറയത്ത്, കെ.വി.പോൾ, ഷിബു വാലപ്പൻ തുടങ്ങിയവാരാണ് ചെയർമാൻ സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കുന്നത്. ആദ്യത്തെ രണ്ടുവർഷം ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യം പൈലപ്പൻ മുന്നോട്ടു വച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ അദ്ദേഹം ഇതിനായി അണിയറ ശ്രമങ്ങളും തുടങ്ങി. പാതിവഴിയിൽ വച്ച് ആഹ്ലാദ പ്രകടനത്തിന്റെ ഇടയിൽ നിന്നും മാറിയ പൈലപ്പൻ നേരെ പോയത് വിജയിച്ച സ്ഥാനാർത്ഥികളുടെ വീടുകളിലേക്കായിരുന്നു. ഒപ്പം കൂടുതൽ കൗൺസിലർമാരെ കൂട്ടുന്ന ശ്രമമായിരുന്നു നടന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയുമായ എബി ജോർജ്ജാണ് ചെയർമാൻ സ്ഥാനത്തേക്ക്, പൈലപ്പന്റെ നേർക്കുനേർ വരുന്നത്.

സംസ്ഥാന നേതൃത്വം എബിയെ പിന്തുണയ്ക്കുന്ന തീരുമാനത്തിൽ എത്തിയെന്നാണ് വിവരം. എ ഗ്രൂപ്പുകാരനെന്ന നിലയിൽ എം.എം.അനിൽകുമാറും ചെയർമാൻ സ്ഥാനം ഉന്നമിടുന്നു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പനും ഇതിനായി താൽപര്യം പ്രകടിപ്പിക്കുന്നു. ഏതെങ്കിലും ഒരു വർഷം തന്നെ പരിഗണിക്കണമെന്ന് കെ.വി.പോൾ സംസ്ഥാന നേതൃത്വത്തിനെ നേരത്തെ അറിയിച്ചിട്ടുണ്ട്. സീനിയർ നേതാവായ ബിജു ചിറയത്തിനെ ചെയർമാൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കമെന്ന് ആവശ്യവും ഉയർന്നു. ഇതെല്ലാം ചേരുമ്പോൾ ഓരോ വർഷവും ഓരോ ചെയർമാൻ എന്ന അവസ്ഥ ചാലക്കുടി നഗരസഭിയിലുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല.