
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ പദവികൾ ആരെല്ലാം വഹിക്കണമെന്നത് സംബന്ധിച്ച് 21 ന് കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തീരുമാനിക്കും. എൽ.ഡി.എഫ് യോഗം ചേർന്നാകും ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കുക. ഇത്തവണ മേയർ പദവി പൊതുവിഭാഗത്തിനും ഡെപ്യൂട്ടി മേയർ സ്ഥാനം വനിതാ സംവരണവുമാണ്. ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന തൃശൂർ കോർപ്പറേഷനിൽ 24 സീറ്റുകളാണ് എൽ.ഡി.എഫ് നേടിയത്. 23 സീറ്റ് നേടി യു.ഡി.എഫ് തൊട്ടുപുറകിലെത്തി. കോൺഗ്രസ് വിമതനായി ജയിച്ച എം.കെ വർഗീസ് ഇടതുപക്ഷത്തിനൊപ്പമെന്ന് പ്രഖ്യാപിച്ചതോടെയാണ് എൽ.ഡി.എഫിന് തുടർഭരണ സാധ്യതയുണ്ടായത്. ഇതോടെ കോർപ്പറേഷനിലെ എൽ.ഡി.എഫ് കക്ഷി നില 25 ആയി. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് നടക്കാനുള്ള പുല്ലഴി ഡിവിഷനിൽ യു.ഡി.എഫ് ജയിച്ചാലും എൽ.ഡി.എഫിനത് ഭീഷണിയാകില്ലെന്നും ഇതോടെ ഉറപ്പായി.
ലാലൂരിൽ നിന്നും വിജയിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ ഷാജനെയാണ് എൽ.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് വിമതൻ എം.കെ വർഗീസിന്റെ നിലപാടിന് അനുസൃതമായിട്ടാകും മേയർ പദവി സംബന്ധിച്ചുള്ള അന്തിമ തീരുമാനം. വർഗീസ് മേയർ സ്ഥാനം ആവശ്യപ്പെട്ടാൽ എൽ.ഡി.എഫ് രണ്ടര വർഷത്തേക്ക് പദവി നൽകാനാണ് സാധ്യത. അങ്ങനെവരുമ്പോൾ എൽ.ഡി.എഫിലെ എം.എൽ റോസി ഡെപ്യൂട്ടി മേയറാകും. രണ്ടര വർഷം കഴിയുമ്പോൾ പി.കെ ഷാജനെ മേയറാക്കുകയും ചെയ്യും. അപ്പോൾ ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐയിലെ ബീനാമുരളിക്ക് നൽകും. പി.കെ ഷാജൻ മേയറാകാൻ വിസമ്മതിക്കുകയാണെങ്കിൽ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട എന്നിവരിൽ ആരെയെങ്കിലും സി.പി.എം പരിഗണിക്കാനും സാധ്യതയുണ്ട്.