തൃപ്രയാർ: തീരദേശമേഖലയിൽ കോൺഗ്രസിന് കാലിടറുന്നു. വിജയത്തിന്റെ മൂന്നാം ഊഴത്തിന് ഇറങ്ങിയ കോൺഗ്രസിനെ നാട്ടികയും കൈവിട്ടു. ഇതോടെ തീരദേശത്ത് എൽ.ഡി.എഫിന് മേൽക്കൈ. തുടർച്ചയായി പത്ത് വർഷം യു.ഡി.എഫിനായിരുന്നു നാട്ടിക ഗ്രാമപഞ്ചായത്ത് ഭരണം. ഇക്കുറി അട്ടിമറിയിലൂടെ എൽ.ഡി.എഫ് 6 സീറ്റുകൾ നേടി. 5 സീറ്റുമാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. വികസന പ്രവർത്തനങ്ങൾക്ക് എതിരു നിന്നതാണ് തിരിച്ചടിക്കു കാരണമെന്ന് പറയുന്നു. ഡി.സി.സി സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അനിൽ പുളിക്കൽ പരാജയപ്പെട്ടത് വൻ തിരിച്ചടിയായി. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും കോൺഗ്രസിനെ കൈവിട്ടു. തളിക്കുളം ഡിവിഷനിൽ 5000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് വിജയം. തൃപ്രയാർ ഡിവിഷൻ എൽ.ഡി.എഫ് തിരിച്ചുപിടിക്കുകയും ചെയ്തു. വലപ്പാട്, തളിക്കുളം, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകൾ വീണ്ടും എൽ.ഡി.എഫിനൊപ്പം നിന്നു. വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ഇല്ലാതായെന്ന് പറയാം. ടി.എൻ പ്രതാപൻ എം.പി യുടെ പഞ്ചായത്തായ തളിക്കുളത്തും കോൺഗ്രസിന് സീറ്റ് കുറഞ്ഞു. മുസ്ലീം ലീഗ് അമ്പാടെ തകർന്നു. തളിക്കുളം ബ്ളോക്ക് പഞ്ചായത്തിലാവട്ടെ കോൺഗ്രസ് പാടെ നാമാവശേഷമായി. കോൺഗ്രസിന് താക്കീതായി ബി.ജെ.പി യുടെ മുന്നേറ്റമാണ് തീരദേശം കണ്ടത്.
ബി.ജെ.പിക്ക് മുന്നേറ്റം,കോൺഗ്രസിന് കാലിടറുന്നു
കഴിഞ്ഞ ഭരണസമിതിയിൽ ഒരംഗമുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ വട്ടപൂജ്യമായി. 5 സീറ്റുകൾ നേടി ഇവിടെ ബി.ജെ.പി യാണ് പ്രതിപക്ഷത്ത്. ഏങ്ങണ്ടിയൂരിൽ കഴിഞ്ഞ തവണ നാലുണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ ഒരു സീറ്റ് കുറഞ്ഞു. വലപ്പാട് കഴിഞ്ഞ തവണത്തേതിൽ നിന്നും ഒരു സീറ്റ് കൂടുതൽ നേടുവാൻ കഴിഞ്ഞത് മാത്രമാണ് നേട്ടം.
വാടാനപ്പിള്ളിയിൽ വൻ മുന്നേറ്റമാണ് ബി.ജെ.പി ക്ക്. കഴിഞ്ഞ തവണ 4 സീറ്റുമായി പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി 5 സീറ്റ് നേടി. എട്ടിടത്ത് ബി.ജെ.പി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തെത്തി. തളിക്കുളത്ത് 3 സീറ്റുകൾ ബി.ജെ.പി നേടി. കൂടാതെ ചരിത്രത്തിലാദ്യമായി ബ്ളോക്ക് പഞ്ചായത്തിലേക്ക് പട്ടിലങ്ങാടി ഡിവിഷനിൽ നിന്നും ബി.ജെ.പി വിജയിച്ചു. മിക്ക വാർഡുകളിലും നൂറിലധികം വോട്ടുകൾ ബി.ജെ.പി നേടിയിട്ടുണ്ട്. നാട്ടിക പഞ്ചായത്തിൽ ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇക്കുറി 3 സീറ്റ് ലഭിച്ചു. രണ്ടിടത്ത് രണ്ടാമതെത്തി. വലപ്പാട് 2 സീറ്റുണ്ടായിരുന്നത് ഇക്കുറി മൂന്നായി. ആറിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തുമെത്തി. എങ്ങണ്ടിയൂരിൽ 2 സീറ്റ് നിലനിർത്തിയ ബി.ജെ.പി 6 വാർഡുകളിൽ രണ്ടാമതെത്തി.