 
തൃശൂർ: ഓട്ടോറിക്ഷകൾക്കായി വികസിപ്പിച്ച 'മൈ ഓട്ടോ' മൊബൈൽ ആപ്പ് ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഉടമകൾക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും ഒരുപോലെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് ഈ ആപ്പ്. ആപ്പിൽ രജിസ്റ്റർ ചെയ്താൽ ഉപഭോക്താവിന് താൻ നിൽക്കുന്ന സ്ഥലത്തുള്ള ഓട്ടോ തിരഞ്ഞെടുക്കാം. ദൂരം അനുസരിച്ചുള്ള നിരക്ക് നേരത്തെതന്നെ ഡ്രൈവർമാർക്ക് ആപ്പിൽ രേഖപ്പെടുത്താനും സൗകര്യമുണ്ട്. കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൊയോടെക് ടെക്‌നോളജിസ് എന്ന മലയാളി സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ് ഉടനെ ലഭ്യമാകുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ സുരേഷ് കൃഷ്ണ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ കമ്പനി സി.ഇ.ഒ മുഹമ്മദ് ഷാദുലി, മാർക്കറ്റിംഗ് ഹെഡ് ശ്രീജിത്ത്, സെയിൽസ് ടീം അംഗം സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.