election

തൃശൂർ: ജില്ലയിൽ ബി.ജെ.പിക്ക്‌ പഞ്ചായത്ത് ഭരിക്കാനുള്ള സാഹചര്യം തകർക്കാനുള്ള നീക്കം ശക്തമായി. അവണിശേരിയും തിരുവില്വമലയുമാണ് ബി.ജെ.പി ഒറ്റ കക്ഷിയായിട്ടുള്ളത്. കഴിഞ്ഞ തവണ ആദ്യമായി ഭരണം ലഭിച്ച അവണിശ്ശേരിയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ്‌ കുറഞ്ഞത് തിരിച്ചടിയായി.14 അംഗങ്ങളിൽ 6 ബി.ജെ.പി, 5 എൽ.ഡി.എഫ്, 3 യു.ഡി.എഫ് എന്നിങ്ങനെയാണ് കക്ഷി നില. രണ്ടിടത്തും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുന്നതിന് എൽ.ഡി.എഫും യു.ഡി.എഫും ചർച്ചകൾ തുടങ്ങി. തിരുവില്വമല യുഡി.എഫിനും അവണിശ്ശേരിയിൽ എൽ.ഡി. എഫിനും പ്രസിഡന്റ്‌ സ്ഥാനം നൽകുന്നത് സംബന്ധിച്ചുമുള്ള ചർച്ചകളാണ് നടക്കുന്നത്. ജില്ലാ നേതാക്കളുടെ അനുമതിയോടെയാണ് പ്രാദേശിക തലത്തിൽ ചർച്ചകൾ നടക്കുന്നത്. തിരുവില്വമല 6 സീറ്റ് യു.ഡി.എഫിനും 5 സീറ്റ്‌ എൽ.ഡി.എഫിനുമാണുള്ളത്. അതേ സമയം ഭരണം നിലനിർത്താൻ അവണിശ്ശേരിയിൽ ബി.ജെ.പി കരുക്കൾ നീക്കി തുടങ്ങി. കഴിഞ്ഞ തവണ 7 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. വനിതാ സംവരണമായ അന്ന് സൂര്യ ഷോബി ആയിരുന്നു. സുരേഷ് ഗോപി എം. പി. കേന്ദ്ര സർക്കാരിന്റെ ആദർശ് ഗ്രാമമായി തിരഞ്ഞെടുത്ത പഞ്ചായത്ത് കൂടിയായിരുന്നു അവണിശേരി.എന്നിട്ടും സീറ്റുകൾ കൂടുതൽ നേടാൻ കഴിയാതിരുന്നത് വലിയ തിരിച്ചടിയായി മാറി. തിരഞ്ഞെടുപ്പ് പ്രചരണത്തിന് സുരേഷ് ഗോപി, കുമ്മനം എന്നിവർ രംഗത്ത് ഇറങ്ങിയിരുന്നു. അതേ സമയം തിരുവില്വമലയിൽ ആദ്യമായാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. കുന്നംകുളം, കൊടുങ്ങല്ലൂർ നഗരസഭകളിൽ മുഖ്യ പ്രതിപക്ഷം എൻ.ഡി.എയാണ്.14 പഞ്ചായത്തുകളിലും പ്രധാന പ്രതിപക്ഷം ബി.ജെ.പിയാണ്.

കോൺഗ്രസ് -സി.പി.എം നീക്കം രാഷട്രീയ പാപ്പരത്തം

ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താൻ ആവണിശ്ശേരിയിലും തിരുവില്വാമലയിലും സഖ്യം ചേരാനുള്ള കോൺഗ്രസ് -സി.പി.എം നീക്കം രാഷട്രീയ പാപ്പരത്തമാണെന്നും വരാൻ പോകുന്ന ഗതികേടിന്റെ സൂചനയാണ്.ബി.ജെ.പിയെ തടയാൻ മറ്റുള്ള സംസ്ഥാനങ്ങളിൽ ഉണ്ടാക്കിയ സഖ്യം കേരളത്തിലും ഉണ്ടാക്കേണ്ട ഗതികേടാണ് ഇടതിനും വലതിനും വന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ 21 ശതമാനം വോട്ടും വാർഡ് സ്ഥാനാർത്ഥികളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ 23 ശതമാനം വോട്ടുമാണ് എൻ.ഡി.എ ജില്ലയിൽ ഈ തിരെഞ്ഞെടുപ്പിൽ നേടിയത്. ബിജെപി വളർച്ചയിൽ ഇടത്-വലത് നേതാക്കൾ വിറളിപൂണ്ടിരിക്കുകയാണ്.
അഡ്വ കെ.കെ അനീഷ്കുമാർ,ബി.ജെ.പി ജില്ലാ പ്രസിഡന്റ്