കൊടുങ്ങല്ലൂർ: മുന്നണിക്ക് ഭരണം ലഭിച്ചാൽ പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടിയിരുന്ന നേതാക്കളുടെ പരാജയം ചർച്ചയാകുന്നു. എടവിലങ്ങ് ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥികളായിരുന്ന വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കാണ് ദയനീയമായ തോൽവി നേരേടേണ്ടിവന്നത്.
ബി.ജെ.പി മുൻ നിയോജകമണ്ഡലം പ്രസിഡന്റും എടവിലങ്ങ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.എസ് അനിൽകുമാർ കാതിയാളം ഒന്നാം വാർഡിൽ എൻ.ഡി. എ സ്ഥാനാർത്ഥിയായിരുന്നു. ഇവിടെ വിജയിച്ചത് സി പി ഐയിലെ വി.ജി. ഗിരീഷാണ്. കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായിരുന്ന എം.ജി. അനിൽകുമാർ പുതിയറോഡ് ഈസ്റ്റ് പതിനൊന്നാം വാർഡിൽ സി.പി.ഐയിലെ സന്തോഷിനോട് പരാജയപ്പെട്ടു. സി.പി.എം ഏരിയാകമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. സുരേന്ദ്രൻ അറപ്പ12-ാം വാർഡിൽ ബി.ജെ.പിയിലെ പി.കെ. സന്തോഷിനോട് പരാജയപ്പെട്ടു. കാര ഈസ്റ്റ് 13-ാം വാർഡിൽ ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി രംഗത്തിറങ്ങിയ നിയോജക മണ്ഡലം മുൻ പ്രസിഡന്റായിരുന്ന പോണത്തുബാബുവും പരാജയപ്പെട്ടവരിൽ പ്രമുഖനാണ്.