തൃശൂർ: ബി.ജെ.പിയെ ഭരണത്തിൽനിന്ന് അകറ്റി നിർത്താൻ അവണിശേരിയിലും തിരുവില്വാമലയിലും സഖ്യംചേരാനുള്ള കോൺഗ്രസ്, സി.പി.എം നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്നും വരാൻപോകുന്ന ഗതികേടിന്റെ സൂചനയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് രഹസ്യമായിരുന്ന ബാന്ധവം ഇപ്പോൾ പരസ്യമായിരിക്കുകയാണ്. ജില്ലയിൽ 420 സീറ്റുകളിലാണ് എൻ.ഡി.എ രണ്ടാം സ്ഥാനത്തായത്. ഇതിൽ ഇരുനൂറിലധികം സീറ്റുകൾ എൻ.ഡി.എയ്ക്ക് നഷ്ടപ്പെട്ടത് ഇടതും വലതും പരസ്പരം വോട്ട് മറിച്ചതുകൊണ്ടാണ്. ഈ വോട്ട് കച്ചവടത്തെയെല്ലാം അതിജീവിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിയ പഞ്ചായത്തുകളിലാണ് പരസ്യമായി സഖ്യംചേർന്ന് ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത്. ബി.ജെ.പിയുടെ വളർച്ചയിൽ ഇടത് വലത് നേതാക്കൾ വിറളിപൂണ്ടിരിക്കുകയാണ്. അന്ധമായ രാഷ്ട്രീയവിരോധം മൂലം ജനവിധിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന നേതാക്കളെ വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അനീഷ്‌കുമാർ പറഞ്ഞു.