 
തൃശൂർ: ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ തലത്തിൽ നൽകിവരുന്ന യുനെസ്കോ ഏഷ്യാ പസഫിക് പുരസ്‌കാര ജേതാക്കളുടെ അവാർഡ് പട്ടികയിൽ ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇടംനേടി. 'അവാർഡ് ഓഫ് ഡിസ്റ്റിംഗ്ഷനാണ് ലഭിച്ചത്. നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പഴമയെ നിലനിർത്തുന്ന രീതിയിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയതിനാണ് അംഗീകാരം. കോപ്പർ കോട്ടിംഗ്, മരങ്ങളിൽ അടിച്ചിരുന്ന ഇനാമൽ മാറ്റി പരിസ്ഥിതിക്ക് അനുയോജ്യമായ ചായംപൂശൽ, കരിങ്കല്ലിന്റെ കേടുപാടുകൾ തീർക്കൽ, നിലം ശരിയാക്കൽ, മരത്തിന്റെ കേടുപാടുകൾ തീർക്കൽ, ശാസ്ത്രീയമായ വൈദ്യുതി ലൈറ്റിംഗ് സംവിധാനങ്ങൾ തുടങ്ങിയവയാണ് പുതുതായി ചെയ്തത്.
അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തരായ 9 വിദഗ്ദ്ധരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, മുൻ അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവരാണ് ദേവസ്വത്തിന് പണച്ചെലവില്ലാതെ സ്പോൺസർഷിപ്പിൽ പ്രവൃത്തികൾ ടി.വി.എസ് കമ്പനിയെ ഏല്പിച്ചത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ആർക്കിടെക്ട് എം.എം. വിനോദ്കുമാർ (ഡി.ഡി ആർക്കിടെക്ട്സ്), എളവള്ളി ശിവദാസൻ ആചാരി തുടങ്ങിയവർ പണികൾക്ക് നേതൃത്വം നൽകി. ലൈറ്റിംഗ് ഡിസൈൻ അനുഷ മുത്തുസുബ്രഹ്മണ്യമാണ് മോഡൽ ചെയ്‌തത്. 2018 ഡിസംബറിൽ ആരംഭിച്ച പ്രവർത്തനങ്ങൾ 2020 ഫെബ്രുവരിയിൽ പൂർത്തീകരിച്ചു.