ചാലക്കുടി: കപ്പത്തോടിന്റെ മണ്ണിടിച്ചിൽ പൂവത്തിങ്കലെ വീടിന് നിൽനിൽപ്പിന് ഭീഷണിയായി. കിഴക്കൂടൻ ത്രേസ്യാമ്മയുടെ വീടാണ് ഏതുസമയത്തും നിലംപതിക്കുമെന്ന അവസ്ഥയിലെത്തിയത്. ഏതാനും വർഷത്തിനിടയിൽ ഇവരുടെ ഏഴ് സെന്റോളം സ്ഥലം തോട്ടിലേക്ക് ഇടിഞ്ഞുപോയി. വൻതോതിൽ മണ്ണൊലിപ്പുമുണ്ട്. വീടിനോട് ചേർന്ന ശൗചാലയവും തകർന്നുവീഴുന്ന അവസ്ഥയിലാണ്. പ്രളയത്തിൽ വീടിന്റെ ചുവരുകൾക്ക് സംഭവിച്ച വിള്ളലും അനുദിനം വർദ്ധിക്കുന്നു. റോഡിൽ നിന്നുള്ള മഴവെള്ളം ഇവരുടെ വീട്ടുപറമ്പിലൂടെ കുത്തിയൊലിച്ചും കപ്പത്തോട്ടിലെത്തുന്നു.
ചാലക്കുടിപ്പുഴയിലെ വെള്ളപ്പൊക്കം പ്രദേശത്ത് ആദ്യം ബാധിക്കുന്നത് ത്രേസ്യാമ്മയുടെ വീട്ടുപറമ്പിലാണ്. എല്ലാവർഷവും സംഭവിക്കുന്ന കുത്തൊഴുക്കിൽ ഇതിനകം നിരവധി മരങ്ങൾ കപ്പത്തോട് കൊണ്ടുപോയി. ഇപ്പോഴും മരങ്ങൾ പലതും വീഴാറായ നിലയിലുമാണ്. സർക്കാർ അടിയന്തരമായി ഇടപെട്ട് തങ്ങളുടെ വീടിനെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ത്രേസ്യാമ്മയുടെ ആവശ്യം. കപ്പത്തോടിന്റെ ഇരുഭാഗവും കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഇവരുടെ വീടിരിക്കുന്ന ഭാഗത്ത് അതുണ്ടായില്ല.