കോടാലി: അമ്പനോളി പ്രദേശത്ത് കാട്ടാനകൾ ഒട്ടേറെ കാർഷികവിളകൾ നശിപ്പിച്ചു. കർഷകനായ ചേനത്തുപറമ്പിൽ ജോയിയുടെ അഞ്ഞൂറിൽപ്പരം പൂവൻവാഴകളും മൂന്നുവർഷം പ്രായമായ അൻപതോളം റബർ തൈകൾ, തെങ്ങ്, കവുങ്ങ് എന്നിവയും നശിപ്പിച്ചു. രണ്ട് മാസത്തോളമായി ഇടയ്ക്കിടെ ഇറങ്ങുന്ന കാട്ടാനകളെ നിയന്ത്രിക്കാൻ വനംവകുപ്പ് യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് പ്രദേശത്തെ കർഷകർ പറഞ്ഞു. അൻപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജോയി പറഞ്ഞു.

നേരം ഇരുട്ടുന്നതോടെ മലയിൽ നിന്നിറങ്ങുന്ന ആനകൾ വെളുത്തതിനുശേഷമേ കാട്ടിലേക്ക് കയറുന്നുള്ളുവെന്നും പ്രദേശവാസികൾ പറഞ്ഞു. കാട്ടാനശല്യംമൂലം വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന ഒട്ടേറെ കർഷകർ ഇതിനോടകം കൃഷിയുപേക്ഷിച്ചു.