ചെങ്ങാലൂർ: ന്യൂഡെൽഹിയിൽ സമരംചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്ങലൂർ കാടുകുറ്റിപ്പാടത്ത് കൊയ്ത്തുത്സവം നടത്തി. സമരംചെയ്യുന്ന കർഷകകർക്കായി കാടുകുറ്റിപ്പാടം വിളവെടുപ്പ് സമർപ്പിക്കുകയായിരുന്നു. 20 വർഷത്തിലധികമായി തരിശുകിടന്ന കാടുകുറ്റിപ്പാടം റീഡേഴ്‌സ് ഫോറം വായനശാലയുടെയും കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെയും അഭിമുഖ്യത്തിലാണ് ജ്യോതി വിത്ത് ഉപയോഗിച്ച് കൃഷിചെയ്തത്. മാട്ടുമലയിൽ നിന്നുള്ള നീരൊഴുക്കിനെ ആശ്രയിച്ച് ചെയ്ത നെൽകൃഷി കാടുകുറ്റിപ്പാടം എന്ന ചെറു നീർത്തടത്തിന്റെ വീണ്ടെടുക്കൽകൂടി ആയിരുന്നു. നെൽകൃഷി. വിളവെടുപ്പ് കർഷക കൂട്ടായ്മ ചെയർമാൻ കെ.എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെങ്ങാല്ലൂർ യൂണിറ്റ് പ്രസിഡന്റ് സിജോ പൂണത്ത് അദ്ധ്യക്ഷനായി. റീഡേഴ്‌സ് ഫോറം വായനശാല പ്രസിഡന്റ് ഡെനിൽ ഡേവീസ്, കർഷകകൂട്ടായ്മ അംഗങ്ങളായ റോൺവി വർഗീസ്, ശ്രീരാഗ് ശശി, കെ.കെ. അനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.