
ചാലക്കുടി: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരിയാരം പഞ്ചായത്തിലും സി.പി.എംസി.പി.ഐ മുന്നണി ബന്ധം വഷളാകുന്നു. വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് പഞ്ചായത്തിൽ ഭരണം നിലനിർത്തിയപ്പോൾ സി.പി.ഐയ്ക്ക് പ്രാതിനിധ്യം ഇല്ലാതായതിന്റെ പശ്ചാത്തലം അതീവ ഗൗരവതരം. മുന്നണി ബന്ധങ്ങൾക്കു പോലും ഉലച്ചിൽ തട്ടും വിധമായി മാറിയേക്കും ഇതിന്റെ പരിണത ഫലം. ഒന്നര പതിറ്റാണ്ടായി പരിയാരം മേഖലയിൽ പുകഞ്ഞു നിന്ന ഇരുപാർട്ടികളും തമ്മിലെ കിടമത്സരത്തിന് 2020ലെ തദ്ദേശ തിരഞ്ഞെടുപ്പോടെ പുതിയ മാനവും കൈവന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ സി.പി.ഐ കാലുവാരിയെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കിയിരുന്നു. പിന്നീട് കുറ്റിക്കാട് ഫാർമേഴ്‌സ് ബാങ്ക് തിരഞ്ഞെടുപ്പിലും ഇത്തരം ചേരിപ്പോര് പ്രകടമായി. യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരസ്യമായി സി.പി.ഐ സഹായിച്ചപ്പോൾ എൽ.ജെ.ഡിക്ക് നിർണ്ണായക സ്വാധീനമുള്ള ബാങ്ക് ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെട്ടത് ഏറെ കോളിക്കവും സൃഷ്ടിച്ചു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ചതി പ്രതീക്ഷിച്ചത് മൂലം മുൻകരുതലുകൾ സ്വീകരിച്ചെന്നാണ് സി.പി.എം നേതാക്കൾ രഹസ്യമായി പറയുന്നത്. സി.പി.ഐയേക്കാൾ എൽ.ജെ.ഡിയാണ് ഇക്കുറി മുന്നണിക്ക് സഹായമായതെന്നും ഇവർ പറയുന്നു. കുറ്റിക്കാട് ബ്ലോക്ക് ഡിവിഷൽ ചണ്ടിനും കപ്പിനുമിടയിൽ സി.പി.ഐയിൽ നിന്നും നഷ്ടപ്പെട്ടത് മുന്നണിയിലെ കിടമത്സരത്തെ പ്രകടമാക്കുന്നു. ലോക്കൽ സെക്രട്ടറി ഇവിടെ പരാജയപ്പെട്ടത് ഇരുനൂറിൽ താഴെ വോട്ടുകൾക്കാണ്. എന്നാൽ, സി.പി.എം അനുഭാവി കെ.വി.ഷൈസൻ പിടിച്ച വോട്ടുകൾ എഴുനൂറിൽ കൂടുതലും. പഞ്ചായത്തിലെ സി.പി.ഐ മത്സരിച്ച 12ാം വാർഡിൽ ജയിച്ചത് സി.പി.എം ലോക്കൽ കമ്മറ്റിയംഗമായ എം.പി.ഷിജുവാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഷൈനി അശോകൻ ഇവിടെ പരാജയപ്പെട്ടത് സി.പി.ഐയ്ക്ക് ഏറ്റ കനത്ത പ്രഹരമായി. കാഞ്ഞിരപ്പിള്ളി ബ്ലോക്ക് ഡിവിഷനും 2, 13 എന്നീ വാർഡുകളും തങ്ങൾക്ക് നഷ്ടപ്പെട്ടത് സി.പി.ഐയുടെ അണിയറ പ്രവർത്തനമാണെന്ന് സി.പി.എം ആരോപിക്കുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സി.പി.എം സ്ഥാനാർത്ഥി ജെനീഷ് പി.ജോസിന് വോട്ടുകൾ കുറഞ്ഞതിലും അവർ സി.പി.ഐയെ സംശയിക്കുന്നു.കഴിഞ്ഞ പഞ്ചായത്ത് ഭരണത്തിൽ കോൺഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ സി.പി.ഐ അംഗങ്ങൾ അനുകൂലിച്ചതും സി.പി.എമ്മുമായുള്ള അകൽച്ചയ്ക്ക് കാരണമായി. ഇതെല്ലാം കൂടിചേരുമ്പോൾ കർഷക സമരത്തിന്റെ മണ്ണായ പരിയാരത്ത് ഇരു പാർട്ടികളും തമ്മിലെ ബന്ധം വഴിപിരിയലിന്റെ വാതിൽ തുറക്കുകയാണ്.