
മാള: പെൻസിൽ കൊണ്ട് എല്ലാവരും അക്ഷരം എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുമ്പോൾ, ഹരികൃഷ്ണൻ പെൻസിലിലെ ഗ്രാഫൈറ്റിൽ അക്ഷരങ്ങൾ മനോഹരമായി കോറിയിടുകയാണ്. വെറുമൊരു ഹോബിയല്ലിത്. പെൻസിലിലെ കരവിരുത് വില്പനയ്ക്കു വച്ച് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദരിദ്ര കുടുംബത്തിന് കൈത്താങ്ങാവുമെന്ന പ്രതീക്ഷയിൽ, പ്രാർത്ഥനയിൽ...
സിഫ്‌നെറ്റ് കൊച്ചിയിൽ ഫിഷറീസ് നോട്ടിക്കൽ സയൻസിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ഹരികൃഷ്ണൻ കുട്ടികൾക്ക് ട്യൂഷനെടുത്തും കാറ്ററിങ് സംഘത്തിൽ ജോലിചെയ്തുമാണ് പഠനച്ചെലവിന് പണം കണ്ടെത്തുന്നത്.
മാള മേലഡൂർ കടവത്ത് മുരുകന്റെയും സുജാതയുടേയും മകനാണ്.സ്വകാര്യ കമ്പനിയിലെ ഭക്ഷണ കാന്റീനിൽ ജോലിക്കാരനായ മുരുകന്റെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന് ആശ്രയം.
പെൻസിലിൽ കൊവിഡിനെതിരായ പ്രതിരോധക്കുറിപ്പുകളാണ് ആദ്യം തയ്യാറാക്കിയത്.
ഈ മൈക്രോ ആർട്ടിന് ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സ് എന്നിവയുടെ അംഗീകാരം കിട്ടിക്കഴിഞ്ഞു.
വിശിഷ്ടാവസരങ്ങളിൽ സമ്മാനമായി നൽകാനുതകുന്ന കുറിപ്പുകൾ പെൻസിലിൽ തയ്യാറാക്കുകയാണ്. അത് വില്പനയ്ക്ക് വയ്ക്കും.
കൊവിഡ് ബോധവത്കരണ ആർട്ടിൽ മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,കൈകൾ കഴുകുക എന്നീ സന്ദേശങ്ങൾ മലയാളം,ഇംഗ്ളീഷ്,ഹിന്ദി ഭാഷകളിൽ കൊത്തിയിട്ടുണ്ട്. അഗ്രം നന്നായി കൂർത്തിരിക്കുന്ന പെൻ നൈഫാണ് തൂലിക. മൂന്ന് മില്ലീ മീറ്റർ മാത്രം വീതിയുള്ള ഗ്രാഫൈറ്റിൽ ഓരോ അക്ഷരവും കോറിയിടാൻ മണിക്കൂറുകൾ വേണം. പത്രത്തിൽ ഈ റിപ്പോർട്ട് അച്ചടിച്ചിരിക്കുന്ന അക്ഷരങ്ങളേക്കാൾ അല്പംകൂടി വരും വലിപ്പം.
കൊവിഡ് ലോക്ക് ഡൗണിൽ പഠനം നിലച്ച് വീട്ടിലിരുന്നപ്പോഴാണ് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ മോഹമുദിച്ചത്. കാർവിങ് അഭിരുചി ഉണ്ടായിരുന്നു. അതിന്റെ ചരിത്രം ഇന്റർനെറ്റിൽ നിന്ന് അറിഞ്ഞപ്പോഴാണ് റെക്കോഡ്‌സ് സംബന്ധിച്ച ചിന്ത ഉണ്ടായത്. മനസിൽ തെളിഞ്ഞത് പെൻസിൽ.
'കൊവിഡ് കാർവിംഗ് മലയാളത്തിൽ ചെയ്യാൻ പത്തു മണിക്കൂറെടുത്തു. ഹിന്ദിയിൽ രണ്ടാഴ്ച വേണ്ടിവന്നു. ഇനി തമിഴിലും ചെയ്യണം.
പഠനത്തിനുള്ള വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗിന്നസ് റെക്കാഡിനായി ശ്രമിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ചെലവ് പേടിച്ചാണ് മാറിനിൽക്കുന്നത്.
- ഹരികൃഷ്ണൻ