trissur

തൃശൂർ: കോൺഗ്രസ്‌ വിമതൻ എം.കെ. വർഗീസിന് ആദ്യം മേയർ സ്ഥാനം നൽകുന്നതിനോട് സി.പി.എം വൈമനസ്യം പ്രകടിപ്പിച്ചതോടെ കോർപ്പറേഷൻ ആരു ഭരിക്കും എന്നത് സംബന്ധിച്ചു വീണ്ടും പ്രതിസന്ധി. നേരത്തെ വർഗീസിന്റെ പിന്തുണയോടെ ഭരണം എൽ.ഡി.എഫ് ഉറപ്പിച്ചെങ്കിലും കോൺഗ്രസ്‌ വീണ്ടും രംഗത്ത് ഇറങ്ങി.

രണ്ടു വർഷം മേയർ സ്ഥാനം വർഗീസിന് നൽകാം എന്ന ഉറപ്പാണ് കോൺഗ്രസ്‌ നൽകിയിരിക്കുന്നത്.

നിലവിൽ വർഗീസ് കോൺഗ്രസിനെ പിന്തുണച്ചാൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 24 സീറ്റ്‌ വീതം ആകും.

അങ്ങനെ വന്നാൽ നറുക്കെടുപ്പിലൂടെ മേയറെ കണ്ടെത്തേണ്ടി വരും. അത് ആർക്ക് കിട്ടിയാലും പുല്ലഴിയിൽ മാറ്റി വെച്ച തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ സ്ഥിരഭരണം ഉണ്ടാകില്ല. പുല്ലഴി ഇടതു പക്ഷത്തിന് ലഭിച്ചാൽ അവർക്ക് 25 സീറ്റ്‌ ആകും. എന്നാൽ, വർഗീസ് പിന്തുണക്കുകയും പുല്ലഴി കോൺഗ്രസ്‌ നിലനിർത്തുകയും ചെയ്താൽ യു.ഡി.എഫിനു 25 സീറ്റ്‌ ആകും.

സി.പി.എം പി.കെ. ഷാജനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ്‌ രാജൻ പല്ലനെ ആയിരുന്നു മേയർ ആക്കാമെന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇരു മുന്നണികൾക്കും കേവല ഭൂരിപക്ഷം കിട്ടാതായതോടെ ഭരണം ആർക്ക് എന്നത് സംബന്ധിച്ചു അനിശ്ചിതത്വം വന്നു. നേരത്തെ കൈപ്പത്തി ചിഹ്നം വരച്ചു ഡിവിഷനിൽ പ്രചാരണം ആരംഭിച്ച ശേഷമാണ് സീറ്റ് നിഷേധിച്ചു ബൈജുവിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. തുടർന്ന് ജനകീയ മുന്നണി രൂപീകരിച്ചാണ് വർഗീസ് ഫുട്ബാൾ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചത്. അതേ സമയം, എങ്ങനെയെങ്കിലും ഭരണം നില നിർത്താൻ എൽ.ഡി.എഫ് തീരുമാനിച്ചാൽ വർഗീസിനെ തന്നെ മേയർ ആക്കി വീട്ടുവീഴ്ച്ചക്ക് സി.പി.എം തയ്യാറായേക്കും.

വിമതനെ ഒപ്പം നിർത്താൻ കോൺഗ്രസ്‌ നീക്കം
രണ്ടു വർഷം മേയർ സ്ഥാനം വർഗീസിന് നൽകാം എന്ന ഉറപ്പാണ് കോൺഗ്രസ്‌ നൽകിയിരിക്കുന്നത്.നിർണായക ഘട്ടങ്ങളിൽ കോൺഗ്രസിനെ എന്നും തുണച്ചിട്ടുള്ള പുല്ലഴിയിൽ വിജയിക്കാമെന്ന കണക്കു കൂട്ടലിലാണ് വർഗീസിന് ഈ ഉറപ്പ് നൽകിയിരിക്കുന്നത്. വർഗീസിനെ കഴിഞ്ഞ ദിവസം ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ്‌ വിൻസെന്റ് എന്നിവർ നേരിൽ കണ്ടു ചർച്ചകൾ നടത്തിയിരുന്നു. ഇതിൽ വെച്ചാണ് രണ്ടു വർഷം മേയർ സ്ഥാനം നൽകാമെന്നു ഉറപ്പ് നൽകിയത്.

കക്ഷി നില (ആകെ - 54)

എൽ.ഡി.എഫ് -24

യു.ഡി.എഫ് -23

ബി.ജെ.പി -6