election

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് അതത് സ്ഥാപനത്തിലെ വരണാധികാരികളാണ്. ജില്ലയിൽ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ ആദ്യ അംഗത്തിനുള്ള സത്യപ്രതിജ്ഞ ജില്ലാ കലക്ടർ ചൊല്ലിക്കൊടുക്കും. തുടർന്ന് മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കും. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത്, മുൻസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്കും കോർപ്പറേഷനിൽ 11.30ക്കുമാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. പ്രതിജ്ഞയെടുക്കൽ ചടങ്ങുകൾ ഏകോപിപ്പിക്കുന്നത് ജില്ലാ കളക്ടർ എസ്‌ ഷാനവാസിന്റെ നേതൃത്വത്തിലാണ്. സത്യപ്രതിജ്ഞ എടുത്തതിനുശേഷം അംഗങ്ങൾ സത്യപ്രതിജ്ഞ രജിസ്റ്ററിലും കക്ഷിബന്ധ രജിസ്റ്ററിലും ഒപ്പു വയ്ക്കണം. ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേരും. പ്രസിഡന്റ് , ചെയർപേഴ്സൺ, വൈസ് പ്രസിഡന്റ് ,ഡെപ്യൂട്ടി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട വരണാധികാരികൾ പിന്നീട് നടത്തും.

അദ്ധ്യക്ഷൻമാർ ചർച്ചകൾ തുടങ്ങി

പ്രതിസന്ധി തീരാതെ നിൽക്കുന്ന കോർപറേഷൻ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങളിൽ ആരൊക്കെ വരണം എന്നത് സംബന്ധിച്ചു ചർച്ചകൾ തുടങ്ങി. എൽ. ഡി. എഫിൽ മുൻ കാലങ്ങളിലെ കിഴ്‌വ‌ഴക്കങ്ങൾ തുടരാനാണു സാധ്യത. അതേ സമയം ജില്ലാ പഞ്ചായത്തിൽ ഇത്തവണ ആദ്യം അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ചു സി.പി.എം ആലോചന നടത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സി.പി.ഐയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കു. യു.ഡി.എഫിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കോൺഗ്രസ്‌ തന്നെ ആയിരിക്കും പ്രസിഡന്റ്‌ പദവിയിൽ. എന്നാൽ പല സ്ഥലങ്ങളിലും എ - ഐ തർക്കങ്ങൾ നില നിൽക്കുന്നുണ്ട്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായ തിരുവീല്വമലയിലും അവണിശ്ശേരിയിലും അവരെ അധികാരത്തിൽ വരാതിരിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.