കൊടുങ്ങല്ലൂർ: തീരദേശ പഞ്ചായത്തുകളിലെ കനത്ത പരാജയത്തെ തുടർന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തൽസ്ഥാനം രാജിവെച്ചു. കോൺഗ്രസ് എറിയാട് ബ്ലോക്ക് പ്രസിഡന്റായിരുന്ന പി.കെ ഷംസുദീനാണ് കെ.പി.സി.സി പ്രസിഡന്റിനും ഡി.സി.സി പ്രസിഡന്റിനും രാജിക്കത്ത് നൽകിയത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എറിയാട് ബ്ലോക്ക് പരിധിയിൽ പാർട്ടിക്ക് കനത്ത പരാജയമാണുണ്ടായത്. ജില്ലാ പഞ്ചായത്ത് എറിയാട് ഡിവിഷനിൽ നിന്ന് മത്സരിച്ച ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വർദ്ധിച്ചത് കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ജയിച്ച് കയറാനായില്ല. ശ്രീനാരായണപുരം പഞ്ചായത്തിൽ പാർട്ടി സമ്പൂർണമായും തകർന്നടിഞ്ഞു. എടവിലങ്ങ് പഞ്ചായത്തിൽ പേരിന് ഒരാളെ മാത്രമേ വിജയിപ്പിക്കാനായുള്ളൂ. സ്വന്തം തട്ടകമായ എറിയാട് പഞ്ചായത്തിലും മോശം പ്രകടനമാണ് പാർട്ടിക്കുണ്ടായത്.