കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ രാമവർമരാജ മനുഷ്യസ്നേഹത്തിന്റെ പതാകവാഹകനായിരുന്നുവെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. പണ്ഡിറ്റ് കറുപ്പൻ വായനശാല സംഘടിപ്പിച്ച കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ
രാമവർമരാജ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുസ്തകങ്ങളേയും അക്ഷരങ്ങളേയും സ്നേഹിച്ച തമ്പുരാൻ പുരോഗമന ആശയങ്ങൾ ജീവിതത്തിൽ നടപ്പിലാക്കി. തനിക്ക് ലഭിച്ച തമ്പുരാൻ പദവി മനുഷ്യസമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിലും അടുപ്പിക്കുന്നതിലും അദ്ദേഹം വിനിയോഗിച്ചു. ഭരണപരമായ കാര്യങ്ങളിൽ ക്രിയാത്മക നിർദേശങ്ങളാണ് രാമവർമരാജ നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നിയുക്ത നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിതയ്ക്ക് വായനശാലയുടെ ഉപഹാരമായി പണ്ഡിറ്റ് കറുപ്പന്റെ ജീവിതം എന്ന ഗ്രന്ഥം മന്ത്രി കൈമാറി. പണ്ഡിറ്റ് കറുപ്പൻ വായനശാല പ്രസിഡന്റ് വേണു വെണ്ണറ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കൊടുങ്ങല്ലർ രാജകുടുംബത്തെ പ്രതിനിധീകരിച്ച് ഇളംമുറ തമ്പുരാൻ ചന്ദ്രമോഹൻ രാജ വിശിഷ്ടാതിഥിയായിരുന്നു. കൊടുങ്ങല്ലർ ടൗൺ സഹകരണ ബാങ്ക് ചെയർമാൻ കെ.ജി. ശിവാനന്ദൻ, കൊടുങ്ങല്ലർ ക്ഷേത്രം ഉപദേശക സമിതി മുൻ പ്രസിഡന്റ് കെ.ജി. ശശിധരൻ, മുൻ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ഉണ്ണി പിക്കാസോ, നിയുക്ത ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ, ബക്കർ മേത്തല എന്നിവർ പങ്കെടുത്തു. വായനശാല സെക്രട്ടറി യു.ടി. പ്രേംനാഥ് സ്വാഗതവും ഷീല രാജ്കമൽ നന്ദിയും പറഞ്ഞു.