ഇരിങ്ങാലക്കുട: 75 വർഷം പിന്നിടുന്ന പുല്ലൂർ സഹകരണ ബാങ്ക് ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കേരളബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രദർശനം 31 വരെ പുല്ലൂർ വില്ലേജ് ഓഫീസ് സ്റ്റോപ്പിലെ കാർഷികസേവന കേന്ദ്രത്തിൽ നടക്കും. ഡയമണ്ട് ജൂബിലി വർഷത്തിൽ 75 കർമ്മപദ്ധതികളാണ് ബാങ്ക് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യ രണ്ടു മാസത്തിൽ സംഘടിപ്പിക്കുന്ന ഒരു ഡസൻ പ്രവർത്തനങ്ങൾക്ക് പുഷ്പ–ഫല– സസ്യ പ്രദർശനത്തിലൂടെ തുടക്കം കുറിക്കും. ഇൻഡോർ–ഔട്ട്‌ഡോർ അലങ്കാര ചെടികൾ, പച്ചക്കറി തൈകളും വിത്തുകളും, ഔഷധസസ്യങ്ങളും അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ ഉണ്ടാകും. പ്രദർശനത്തിന്റെ ഭാഗമായി വീട്ടിലൊരു മീൻകുളം പദ്ധതിയുടെ സെമിനാറും നടക്കും.