കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയുടെ നിയുക്ത ചെയർപേഴ്സണാണ് ഷിനിജ. ചാപ്പാറ വാർഡിൽ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായി വിജയിച്ച ഷിനിജ ഓറ സ്കൂളിലെ മലയാളം അദ്ധ്യാപികയാണ്. ഓൺലൈൻ ക്ലാസിന്റെ തിരക്കുകൾക്കിടയിലാണ് ഷിനിജയെ തേടി സ്ഥാനാർത്ഥിത്വം എത്തിയത്. കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ ഇവർ പാർട്ടി നിർദേശം മാനിച്ച് മത്സരിക്കാനിറങ്ങുകയായിരുന്നു. ചെയർപേഴ്സൺ പദവി കഴിയുംവരെ അദ്ധ്യാപനത്തിന് അവധി കൊടുക്കാനുള്ള തീരുമാനത്തിലാണ് ടീച്ചർ. കൊടുങ്ങല്ലൂർ നഗരസഭയിൽ എൽ.ഡി.എഫ് ധാരണപ്രകാരം ചെയർപേഴ്സൺ സ്ഥാനത്ത് ആദ്യഊഴം സി.പി.ഐക്കാണ്. പട്ടികജാതി വനിതാ സംവരണമായ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സി.പി.ഐ ഷിനിജയുടെ പേരാണ് നിർദ്ദേശിക്കുന്നത്. ബി.ജെ.പിക്ക് പട്ടികജാതി വനിതയെ വിജയിപ്പിക്കാൻ കഴിയാതെ വന്നതിനാൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല. എം.എ ബിഎഡ് ബിരുദധാരിയാണ്. ചാപ്പാറ മുട്ടത്താൻ വീട്ടിൽ ഉണ്ണികൃഷ്ണന്റെയും ഷീജയുടെയും മകളാണ്. ഭർത്താവ് മഹേഷ് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. മൂന്ന് വയസുകാരി മനു കർണികയാണ് മകൾ.