
പാവറട്ടി: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ പാവറട്ടി പഞ്ചായത്ത് ആര് ഭരിക്കുമെന്ന ഉദ്വേഗത്തിലാണ് പ്രവർത്തകരും നാട്ടുകാരും. ആകെയുള്ള 15 സീറ്റിൽ യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് അഞ്ചും നേടി. 2 സീറ്റ് എസ്.ഡി.പി.ഐയും ഓരോ സീറ്റ് ബി.ജെ.പിയും സ്വതന്ത്രയുമാണ് നേടിയത്. മുസ്‌ലിംലീഗിന് ഇത്തവണ സീറ്റ് ലഭിക്കാത്തതാണ് യു.ഡി.എഫ്. ഭരിച്ചിരുന്ന പാവറട്ടിയെ പ്രതിസന്ധിയിലാക്കിയത്. ഇത്തവണ സി.പി.ഐ ഒരുസീറ്റിൽ വിജയിച്ചതോടെയാണ് ഇടതുപക്ഷം ആദ്യമായി 5 സീറ്റിൽ എത്തുന്നത്. സ്വതന്ത്രയായി ജയിച്ച എം.എം. റജീനയുടെ പിന്തുണയോടെ ഭരിക്കാനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും. യു.ഡി.എഫ്.വിമതയായി മത്സരിച്ച് ജയിച്ച റജീനയുമായി യു.ഡി.എഫ്. നടത്തിയ ചർച്ചയിൽ ആദ്യ ടേമിൽ പ്രസിഡന്റ് പദം വേണമെന്നാണ് ഉപാധി വെച്ചിട്ടുള്ളതെന്നാണ് സൂചന.