പാവറട്ടി : കഴിഞ്ഞതവണ പിടിച്ചെടുത്ത വെങ്കിടങ്ങ് പഞ്ചായത്ത് ഭരണം നിലനിറുത്തിയ ഇടതുപക്ഷത്തിന് പ്രസിഡന്റ് പദവി ജനറൽ വിഭാഗത്തിനാണെങ്കിലും മത്സരിക്കാൻ പുരുഷന്മാരില്ലാത്തതിനാൽ വനിത പ്രസിഡന്റാകും. 17 വാർഡുകളിൽ പത്തിലും ജയിച്ച് ഭരണം നിലനിറുത്താനായെങ്കിലും പ്രസിഡന്റ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന സീനിയർ നേതാവും മണലൂർ ഏരിയാ കമ്മിറ്റി അംഗവുമായ പി.എ. രമേശൻ കോൺഗ്രസിലെ ആർ.വി.മൊയ്നുദ്ദീനോട് 34 വോട്ടിന് പരാജയപ്പെടുകയായിരുന്നു. 10 സീറ്റുകളിൽ സി.പി.എം. ജയിച്ച 7 സീറ്റുകളിലും വനിതകളാണ്. സി.പി.ഐ ജയിച്ച 2 സീറ്റുകളിലും ഐ.എൻ.എൽ. ജയിച്ച 1 വാർഡിലും പുരുഷമെമ്പർമാരാണ്. കഴിഞ്ഞ തവണ പ്രസിഡന്റ് പദവി വനിതാ സംവരണമായിരുന്നു. ആറാം വാർഡിൽ നിന്ന് ജയിച്ച ചാന്ദ്നി വേണു, പതിനൊന്നാം വാർഡിൽ നിന്ന് ജയിച്ച മുംതാസ് റസാക്ക് എന്നിവരാണ് പ്രസിഡന്റാവാനുള്ളവരുടെ സാദ്ധ്യതാ ലിസ്റ്റിലുള്ളത്. ചാന്ദ്നി മുൻ പഞ്ചായത്ത് അംഗവും മുംതാസ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.